മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇപ്പോള്‍ ലോകകപ്പിലെ ചര്‍ച്ചാവിഷയം. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ മൂന്നാം അംപയറുടെ വിവാദ തീരുമാനത്തില്‍ ഹിറ്റ്‌മാന്‍ പുറത്താവുകയായിരുന്നു. രോഹിത് ശര്‍മ്മയ്‌ക്ക് മാത്രമല്ല, ഗാലറിയിലിരുന്ന ഭാര്യ റിതികയ്‌ക്കും മൂന്നാം അംപയറുടെ തീരുമാനം ഞെട്ടിക്കുന്നതായി. 

കെമര്‍ റോച്ച് എറിഞ്ഞ ആറാം ഓവറിലെ അവസാന പന്തിലാണ് രോഹിത് വിക്കറ്റ് കീപ്പര്‍ ഷായ് ഹോപിന്‍റെ കൈകളില്‍ അവസാനിച്ചത്. പുറത്താകുമ്പോള്‍ 23 പന്തില്‍ 18 റണ്‍സാണ് ഹിറ്റ്‌മാന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്. ഹോപ് പന്ത് മനോഹരമായി കൈക്കലാക്കിയെങ്കിലും ഫീല്‍ഡ് അംപയര്‍ ഔട്ട് അനുവദിച്ചില്ല. ഇതോടെ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജാസന്‍ ഹോള്‍ഡര്‍ ഡിആര്‍എസ് ആവശ്യപ്പെട്ടു. 

അള്‍ട്രാ എഡ്‌ജില്‍ പന്ത് ഉരസിയതായി തെളിഞ്ഞെങ്കിലും ബാറ്റിലാണോ പാഡിലാണോ എന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ ഡിആര്‍എസ് പരിശോധിച്ച് മൂന്നാം അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു. അത്ഭുതത്തോടെയാണ് രോഹിത് മൂന്നാം അംപയറുടെ തീരുമാനത്തോട് പ്രതികരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും ഈ വിക്കറ്റ് അത്ര വിശ്വാസമായില്ല.