Asianet News MalayalamAsianet News Malayalam

എന്താണ് സംഭവിച്ചത്; ദക്ഷിണാഫ്രിക്കയ്ക്ക് എവിടെയാണ് പിഴച്ചത്

 കരുത്തൻമാരുടെ പട്ടികയിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമെങ്കിലും ഒരിക്കല്‍പ്പോലും ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. 

world cup 2019: bad luck of south African cricket team
Author
London, First Published Jun 20, 2019, 10:22 AM IST

ലണ്ടന്‍: ലോക ക്രിക്കറ്റില്‍ എക്കാലവും കരുത്തൻമാരുടെ പട്ടികയിലായിരുന്നു ദക്ഷിണാഫ്രിക്ക. പക്ഷേ ഒരിക്കല്‍പ്പോലും ലോകകപ്പ് നേടാനായിട്ടില്ല. മഴയും നിര്‍ഭാഗ്യങ്ങളുമായിരുന്നു മുൻ കാലങ്ങളില്‍ ദക്ഷിണാഫ്രിക്കയെ പിന്നോട്ടടിച്ചത്.

1992ലെ ലോകകപ്പിലാണ് ദക്ഷിണാഫ്രിക്ക ആദ്യം കളിക്കുന്നത്. കെപ്‍ലര്‍ വെസല്‍സിന്‍റെ നേതൃത്വത്തിലെത്തിയ ടീം സെമിയിലെത്തി. എതിരാളികള്‍ ഇംഗ്ലണ്ട്. മഴ മൂലം 45 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇംഗ്ലണ്ട് മുന്നോട്ടുവെച്ചത് 253 റണ്‍സിന്‍റെ വിജയലക്ഷ്യം. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സില്‍ നില്‍ക്കുമ്പോള്‍ വീണ്ടും മഴയെത്തി. അപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 13 പന്തില്‍ 22 റണ്‍സ്. മഴ മൂലം മത്സരം രണ്ടോവര്‍ വെട്ടിച്ചുരുക്കി 43 ഓവറാക്കി. ഇനി ബാക്കിയുള്ളത് ഒരു പന്ത് മാത്രം. വിജയലക്ഷ്യം 21ഉം. നിസഹായരായി നോക്കിനില്‍ക്കാനെ ദക്ഷിണാഫ്രിക്കൻ ടീമിന് കഴിഞ്ഞുള്ളൂ.

1999. ലോകകപ്പ് പ്രതീക്ഷകളില്‍ ഏറെ മുന്നിലായിരുന്നു ദക്ഷിണാഫ്രിക്ക. ഇത്തവണ സെമിയില്‍ എതിരാളികള്‍ ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് നേടാനായത് 213 റണ്‍സ് മാത്രം. മറുപടി ബാറ്റിംഗില്‍ 9 വിക്കറ്റുകള്‍ നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന ഓവറില്‍ ജയിക്കാൻ വേണ്ടത് 9 റണ്‍സ് മാത്രം. ക്രീസില്‍ ലാൻസ് ക്ലൂസ്നറും അലൻ ഡൊണാള്‍ഡും. ആദ്യ രണ്ട് പന്തുകളും ക്ലൂസ്നര്‍ ബൗണ്ടറി കടത്തി. സ്കോര്‍ ഒപ്പത്തിനൊപ്പം. നാലാം പന്തില്‍ സിംഗിളിനായി ക്ലൂസ്നര്‍ ഓടി. മറുവശത്ത് ഓട്ടത്തില്‍ പിഴച്ച അലൻ ഡൊണാള്‍ഡ് റണ്ണൗട്ട്. മത്സരം ടൈ. ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ ഓസ്ട്രേലിയ തോല്‍പ്പിച്ചിരുന്നു. ഈ ജയത്തിന്‍റെ ആനുകൂല്യത്തില്‍ സെമിയില്‍ ജയം ഓസ്ട്രേലിയയ്ക്ക്.

2003ല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന ലോകകപ്പില്‍ കിരീടം സ്വന്തമാക്കാനാകുമെന്ന് ദക്ഷിണാഫ്രിക്ക ഉറച്ച് വിശ്വസിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കക്കെതിരായ അവസാന മത്സരം ജയിച്ചാല്‍ സൂപ്പര്‍ സിക്സില്‍ കടക്കാം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നേടിയത് 268 റണ്‍സ്. ഇടയ്ക്ക് മഴ പെയ്തതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 45 ഓവറില്‍ 230 റണ്‍സാക്കി പുതുക്കി നിശ്ചയിച്ചു. എന്നാല്‍ നായകൻ ഷോണ്‍ പൊള്ളോക്ക് ക്രീസിലേക്ക് അറിയിച്ച സന്ദേശത്തില്‍ വിജയലക്ഷ്യമായി പറഞ്ഞത് 229 റണ്‍സ്.

45 ആം ഓവറിലെ അഞ്ചാം പന്തില്‍ സിക്സ് അടിച്ച മാര്‍ക്ക് ബൗച്ചര്‍ സ്കോര് 229ലേക്കെത്തിച്ചു. ജയിച്ചെന്ന് മനസില്‍ കരുതി. അതിനാല്‍ അവസാന പന്തില്‍ സിംഗിളിന് അവസരം ഉണ്ടായിട്ടും ഓടിയതുമില്ല. നാട്ടുകാരുടെ മുന്നില്‍ നാണംകെട്ട തോല്‍വി. 2015ലും ദക്ഷിണാഫ്രിക്ക സെമിയില്‍ വീണു. അന്ന് തോറ്റത് ന്യൂസിലൻ‍ഡിനോട്. ഇത്തവണയും കിവീസിന് മുന്നില്‍ അടി പതറിയ ദക്ഷിണാഫ്രിക്കയ്ക്ക് സെമി കാണാതെ മടങ്ങാം.

Follow Us:
Download App:
  • android
  • ios