ലണ്ടന്‍: ഐസിസിക്കെതിരെ ആഞ്ഞടിച്ച് വിൻഡീസ് ഇതിഹാസ പേസറും കമന്‍റേറ്ററുമായ മൈക്കേൽ ഹോൾഡിംഗ്. അമ്പയറിംഗിനെ വിമർശിക്കരുതെന്ന ഐസിസി നിർദ്ദേശമാണ് ഹോൾഡിംഗിനെ ചൊടിപ്പിച്ചത്. ഇംഗ്ലണ്ട് ലോകകപ്പിൽ മഴപോലെ ചർച്ചയാണ് അമ്പയറിംഗും. പിഴവുകളുടെ കൂട്ടയിടിയാണ് ലോകകപ്പിന്‍റെ നിറംകെടുത്തുന്നത്. മോശം അമ്പയറിംഗിനെതിരെ വിമര്‍ശകര്‍ രംഗത്തെത്തിയിട്ടുണ്ട്. 

ഐസിസി ടിവിയുടെ ഔദ്യോഗിക കമന്‍റേറ്ററായ മൈക്കേൽ ഹോൾഡിംഗും വിമർശകർക്കൊപ്പമാണ്. ഓസ്ട്രേലിയ-വെസ്റ്റ് ഇൻഡീസ് മത്സരമാണ് വിഷയം. തുടരെ തുടരെ പിഴവുകൾ. രണ്ട് തവണ എൽബിഡബ്ല്യൂ അപ്പീലിൽ രക്ഷപ്പെട്ട് ക്രിസ് ഗെയിൽ. മിച്ചൽ സ്റ്റാർക്കിന്‍റെ നോബോൾ പിന്നാലെ. ഫ്രീഹിറ്റ് കിട്ടേണ്ട പന്തിൽ ക്രിസ് ഗെയിൽ പുറത്ത്.

ശക്തമായ ഭാഷയിലാണ്  കമന്‍ററി ബോക്സിലിരുന്ന്  ഹോൾഡിംഗ് അമ്പയർമാരെ വിമർശിച്ചത്. ഒടുവില്‍ ഐസിസി അമ്പയർക്ക് കടിഞ്ഞാണിടാൻ തീരുമാനിച്ചു. ക്രിക്കറ്റിന്‍റെ പെരുമ കാത്തുസൂക്ഷിക്കുന്ന തരത്തിൽ കമന്‍ററി ബോക്സിലുള്ളവർ പെരുമാറണമെന്ന് ഐസിസി വ്യക്തമാക്കി. അമ്പയറിംഗിനെക്കുറിച്ചോ ഗ്രൗണ്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചോ അനാവശ്യ പരാമർശം നടത്തരുതെന്ന് ഹോൾഡിംഗിന് മുന്നറിയിപ്പും ലഭിച്ചു. പതിവ് ആക്രമണ ശൈലിയിൽ തന്നെയാണ് മെയിലിന് ഹോൾഡിംഗ് മറുപടി നല്‍കിയത്. 

'യോഗ്യതയില്ലാത്ത ഇത്തരം അമ്പയർമാർക്കാണ് ഐസിസി നാട്ടിലേക്ക് ടിക്കറ്റ് എടുത്തുകൊടുക്കേണ്ടത്'. അങ്ങനെ ക്രിക്കറ്റിന്‍റെ പെരുമ കാത്തുസൂക്ഷിക്കണമെന്നും മുപ്പത് വർഷം കമന്‍ററി രംഗത്തുള്ള ഹോൾഡിംഗ് കൂട്ടിച്ചേര്‍ക്കുന്നു. കളി പറയൽ ഒഴിവാക്കി നാട്ടിലേക്ക് പോകണമെങ്കിൽ അതിനും തയ്യാറാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.1983 ലോകകപ്പ് ഫൈനലില്‍ കപില്‍ ദേവിന്‍റെ ചെകുത്താന്‍മാര്‍ കപ്പുയര്‍ത്തുമ്പോള്‍ അവസാനം പുറത്തായ വിന്‍ഡീസ് ബാറ്റ്‌സ്‌മാനാണ് മൈക്കല്‍ ഹോള്‍ഡിംഗ്. ആ പോരാട്ടവീര്യം നിലപാടിലും തുടരുമെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് അദ്ദേഹം.