ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരികയാണ്. സെമി ഉറപ്പിക്കാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ സെമി സാധ്യത നിലനിര്‍ത്താനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ലോകകപ്പില്‍ ഇത് എട്ടാം തവണയാണ് ഇംഗ്ലണ്ടും ഇന്ത്യയും നേര്‍ക്കുനേര്‍ വരുന്നത്. ഏഴുകളികളില്‍ ഇതുവരെ മൂന്നു കളികള്‍ വീതം ഇരുടീമുകളും ജയിച്ചു. ഒരെണ്ണം ടൈയിലുമായി. 1975ലായിരുന്നു ആദ്യമത്സരം. 

രണ്ട് ഏകദിനങ്ങള്‍ മാത്രം കളിച്ച പരിചയവുമായി 1975 ലെ ലോകകപ്പിന് എത്തിയ ഇന്ത്യ-ഇംഗ്ലണ്ടിന് മുന്നിൽ അമ്പേ പരാജയപ്പെട്ടു.  അന്ന്  334 എന്ന കൂറ്റന്‍ സ്കോര്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോള്‍ സുനില്‍ ഗാവസ്കറുടെ ടെസ്റ്റ് ശൈലിയിലുള്ള ബാറ്റ് വീശല്‍ അപഹാസ്യമായി. 174 പന്തുകള്‍ നേരിട്ട ഗാവസ്കര്‍ നേടിയത് വെറും 36 റൺസ് മാത്രമാണ്. അന്ന് 202 റൺസിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 

കിരീടം നേടാമെന്ന ആതിഥേയരുടെ മോഹം തകര്‍ത്താണ് 1983ലെ ലോര്‍ഡ്സ് ഫൈനലിൽ ഇന്ത്യ സ്ഥാനം ഉറപ്പാക്കിയത്. മാഞ്ചസ്റ്ററിലെ സെമിയിൽ ഇംഗ്ലണ്ടിനെ 213 ലേക്ക് ഒതുക്കിയ കപിലും പേസര്‍മാരും അട്ടിമറിക്കുള്ള വഴി തുറന്നു. സന്ദീപ് പാട്ടീലിന്‍റെ അതിവേഗ അര്‍ധസെഞ്ചുറിയിൽ ഇന്ത്യക്ക് 6 വിക്കറ്റിന്‍റെ ചരിത്രജയം ലഭിച്ചു. 

നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 1987 ല്‍ അതേ നാണയത്തിൽ തിരിച്ചടിച്ചു ഇംഗ്ലണ്ട്. ഇന്ത്യ-പാക് ഫൈനലിനായി കാത്ത ആരാധകരെ നിരാശരാക്കി സെമിയിൽ ഇംഗ്ലണ്ട് 35 റൺസിനാണ് വിജയിച്ചത്. വെറും 15 റൺസിനാണ് അവസാന 5 വിക്കറ്റ് നഷ്ടമായത്.  1992 ലും ഇംഗ്ലണ്ട് മുന്നേറ്റം. ആ പ്രാവശ്യം വിജയം വെറും 9 റൺസിനായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കറിന്‍റെ അരങ്ങേറ്റ മത്സരമായിരുന്നു അത്.  2011 ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മത്സരം ടൈയില്‍ അവസാനിച്ചു.