ലണ്ടന്‍: റെക്കോർഡുകളുടെ സഹയാത്രികനാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. രാജ്യാന്തര ക്രിക്കറ്റിലെ ബാറ്റിംഗ് റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ് ഇന്ത്യന്‍ നായകന്‍. റൺവേട്ടയിൽ ഇരുപതിനായിരം ക്ലബിലെത്താൻ കോലിക്ക് ഇനി 104 റൺസിന്‍റെ ദൂരം മാത്രം.

അഫ്ഗാനിസ്ഥാനെതിരെ ഇത് സാധ്യമായാൽ കോലി മറികടക്കുക ഇതിഹാസ താരങ്ങളുടെ റെക്കോര്‍ഡാണ്. സാക്ഷാൽ സച്ചിന്‍റെയും ബ്രയൻ ലാറയുടേയും റെക്കോര്‍ഡ്. ഇന്നത്തെ മത്സരത്തില്‍ 104 റൺസെടുത്താൽ കോലി തക‍ർക്കുക സച്ചിനും ലാറയും ഒരുമിച്ച് കൈവശം വച്ചിരിക്കുന്നൊരു റെക്കോർഡാണ്. ഏറ്റവും വേഗത്തില്‍ 20,000 റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ്. 

131 ടെസ്റ്റിലെയും 222 ഏകദിനത്തിലേയും 62 ട്വന്‍റി-20യിലേയും 415 ഇന്നിംഗ്സിൽ നിന്നായി കോലിക്കിപ്പോൾ 19,896 റൺസുണ്ട്. അഫ്ഗാനെതിരെ 416 -ാം ഇന്നിംഗ്സിനാണ് കോലി പാഡുകെട്ടുന്നത്. സച്ചിനും ലാറയും ഇരുപതിനായിരം ക്ലബിലെത്തിയത് 453 ഇന്നിംഗ്സിൽ നിന്നാണ്. 468 ഇന്നിംഗ്സിൽ നിന്നാണ് റിക്കി പോണ്ടിംഗ് ഇരുപതിനായിരം കടമ്പ കടന്നത്. 

ലോകകപ്പിനിടെ ഏകദിനത്തിൽ കോലി 11,000 ക്ലബിലെത്തിയിരുന്നു. ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കിയ കോലി മറികടന്നത് സച്ചിനെയാണ്. 11000 റൺസെടുക്കാൻ സച്ചിന് 276 ഇന്നിംഗ്സ് വേണ്ടിവന്നപ്പോൾ 222-ാം ഇന്നിംഗ്സിൽ കോലി ഈ നേട്ടം സ്വന്തമാക്കി.