ലണ്ടന്‍: ലോക ക്രിക്കറ്റിലെ മിന്നും താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. റെക്കോര്‍ഡുകള്‍ തകര്‍ത്തും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചും എതിരാളികള്‍ക്ക് വലിയ തലവേദനകള്‍ സൃഷ്ടിച്ച് മുന്നേറുന്ന ഇന്ത്യയുടെ സൂപ്പര്‍ താരം. കഴിഞ്ഞ ദിവസമാണ് താരം റണ്‍വേട്ടയില്‍ 20,000  കടന്നത്. 

എതിരാളികളുടെ പേടി സ്വപ്നമാണ് കോലി. ബൗളര്‍മാരുടെ സ്വപ്ന വിക്കറ്റും. ലോകകപ്പില്‍ അടുത്ത ദിവസം നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ വിരാട് കോലിയെ പൂട്ടാന്‍ കച്ചകെട്ടിയിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ ഓള്‍ റൗണ്ടര്‍ മോയിന്‍ അലി. അതേക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ...

"ഇന്ത്യക്ക് വലിയ റണ്‍സ് നേടാന്‍ വിരാട് കോലിയുണ്ട്. എന്നാല്‍ ഞാന്‍ ഇവിടെയുണ്ട് കോലിയുടെ വിക്കറ്റ് വീഴ്ത്താന്‍. കോലിയുടെ വിക്കറ്റ് വീഴ്ത്താന്‍ കഴിയുകയെന്നാല്‍ വലിയ കാര്യമാണ്. സുഹൃത്തായി നിന്നുകൊണ്ടു തന്നെ ആ വിക്കറ്റ് വീഴ്ത്താന്‍ ശ്രമിക്കും. അണ്ടന്‍ 19 കാലത്ത് തന്നെ ഞങ്ങള്‍ക്ക് പരസ്പരം അറയാം. എന്നാല്‍ ഐപിഎല്ലിന്‍റെ സമയത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി". ഐപിഎല്ലില്‍ ബാംഗ്ലൂരു റോയല്‍ ചലഞ്ചേഴ്സില്‍ കോലിയുടെ സഹതാരമായിരുന്നു മോയിന്‍ അലി. നാളെ മൂന്നുമണി മുതലാണ് ലോകകപ്പില്‍ ഇംഗ്ലണ്ട്- ഇന്ത്യ മത്സരം.