ലണ്ടന്‍: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് ടീം ഇന്ത്യ പുറത്തായപ്പോഴും ഏഴാമനായി ഇറങ്ങിയ ധോണി ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ താരം കളിക്കളത്തില്‍ ഇറങ്ങിയത് പരിക്കോടെയാണോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം. 

മത്സരത്തിന് ശേഷം ഇരുടീമുകളും തമ്മില്‍ ഹസ്തദാനം നടത്തുമ്പോള്‍ താരം ഇടതുകൈകൊണ്ടാണ് ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയതെന്നതാണ് ആരാധകരില്‍ നിന്നും ഈ ചോദ്യം ഉയരാന്‍ കാരണം. വലതു കയ്യിലെ തള്ള വിരലില്‍ ഏറ്റപരിക്കുകാരണമാണ് ധോണി ഇടതുകൈ ഉപയോഗിച്ചതെന്നാണ് വിവരം. നേരത്തെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്‍റെ സമയത്തും ധോണിക്ക് പരിക്കേറ്റെന്ന രീതിയില്‍ വാര്‍ത്ത വന്നിരുന്നു.

 ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് 18 റണ്‍സിന് പരാജയപ്പെട്ടാണ് ടീം ഇന്ത്യ പുറത്തുപോയത്. 72 പന്തില്‍ നിന്നും അര്‍ധസെഞ്ചുറി നേടിയ ധോണി ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ച ശേഷമാണ് പുറത്തായത്.