ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്കെതിരെയായിരുന്നു രോഹിത്തിന്‍റെ സെഞ്ചുറികള്‍. 

ലണ്ടന്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ഇന്നലത്തെ മത്സരത്തില്‍ സെഞ്ചുറിയടിച്ചതോടെ ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് സ്വന്തമാക്കിയത് മിന്നും റെക്കോര്‍ഡ്. ഒരേ ലോകകപ്പില്‍ തന്നെ മൂന്നു സെഞ്ചുറിയടിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. 2003 ലെ ലോകകപ്പില്‍ മൂന്നു സെഞ്ചുറികള്‍ സ്വന്തമാക്കിയ സൗരവ് ഗാംഗുലിയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യന്‍ താരം. ഇതോടെ സെഞ്ചുറിത്തിളക്കത്തില്‍ ദാദയ്ക്ക് ഒപ്പമെത്തി ഹിറ്റ്മാന്‍ രോഹിത്തും. 

ലോകകപ്പില്‍ വമ്പന്‍ രാജ്യങ്ങള്‍ക്കെതിരെയാണ് സെഞ്ചുറികളടിച്ചതെന്നത് താരത്തിന്‍റെ നേട്ടത്തിന്‍റെ തിളക്കം കൂട്ടുന്നു. ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്കെതിരെയായിരുന്നു രോഹിത്തിന്‍റെ സെഞ്ചുറികള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ 122 റണ്‍സ് നേടിയ രോഹിത് പാക്കിസ്ഥാനെതിരെ 140 റണ്‍സും ഇന്നലെ നടന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 102 റണ്‍സും സ്വന്തമാക്കി. 109 പന്തില്‍ 15 ഫോറുകള്‍ അടക്കമാണ് താരം 102 റണ്‍സ് സ്വന്തമാക്കിയത്.

ഏകദിന ചരിത്രത്തില്‍ ഇതുവരേയും 25 സെഞ്ചുറികളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ഈ വര്‍ഷം ഇത് നാലാമത്തെ സെഞ്ചുറിയാണ് ഇന്ത്യന്‍ ഓപ്പണറുടെ ബാറ്റില്‍ നിന്നും പിറന്നത്. ഇംഗ്ലണ്ടിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ രോഹിത് ശര്‍മ്മ സെഞ്ചുറിയടിച്ചെങ്കിലും ഇന്ത്യ പരാജയപ്പെട്ടു. 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ആദ്യം ബാറ്റ് വീശിയ ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.