ലണ്ടന്‍: ലോകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് പാക്കിസ്ഥാന് അവരുടെ ആരാധകരില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. മത്സരത്തിനിടെ ക്യാപ്ടന്‍ കോട്ടുവായിടുന്ന ദൃശ്യങ്ങള്‍ വൈറലായതും ഇന്ത്യയോട് തോല്‍വി വഴങ്ങിയതുമെല്ലാം തിരിച്ചടിയായി. കൂടുതല്‍ പഴി കേട്ടത് പാക്കിസ്ഥാന്‍ ക്യാപ്ടന്‍ സര്‍ഫറാസ് അഹമ്മദിനായിരുന്നു.

അതിനിടെ ഒരു വ്യക്തി സര്‍ഫറാസ് അഹമ്മദിനെ പരിഹസിച്ച്  വീഡിയോ ചിത്രീകരിച്ച് ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. താരത്തിന്‍റെ അമിതവണ്ണത്തെ പരിഹസിക്കുന്നതും അദ്ദേഹത്തെ പന്നിയോട് ഉപമിച്ച് സംസാരിക്കുന്നതുമായിരുന്നു വീഡിയോ. ആ വീഡിയോ തന്നെ എങ്ങനെയാണ് ബാധിച്ചതെന്ന് തുറന്നു പറയുകയാണ് പാക് ക്യാപ്റ്റന്‍. 

'അന്നത്തെ പരിഹാസ വീഡിയോ ഏറെ വേദനിപ്പിച്ചു. റൂമിലെത്തിയപ്പോള്‍ കണ്ടത് എന്‍റെ ഭാര്യ വീഡിയോ കണ്ട് കരയുന്നതാണ്.  ആരാധകര്‍ വൈകാരികമായി പ്രതികരിക്കുന്നതാണെന്നും അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും പറഞ്ഞ് ഞാന്‍ അവരെ ആശ്വസിപ്പിച്ചു. എങ്കിലും ആ സംഭവം എന്നെ ഏറെ സങ്കടത്തിലാഴ്ത്തിയെന്നും പാക്കിസ്ഥാന്‍ ക്യാപ്ടന്‍ തുറന്നു പറയുന്നു.