മുത്തയ്യ മുരളീധരന് പിന്നാലെ കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ധനെയും പുറത്തു പോകുമെന്ന് മുന്‍കൂട്ടി കാണാനുള്ള ദീര്‍ഘവീക്ഷണം ലങ്കന്‍ ക്രിക്കറ്റിനുണ്ടായില്ല
ലണ്ടന്‍: ലോകകപ്പിൽ സെമിയിലെത്താതെ പുറത്താകുന്ന ശ്രീലങ്കയുടെ തകര്‍ച്ചയിൽ അത്ഭുതമില്ല. അടിമുടി അഴിച്ചുപണി വേണ്ട നിലയിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ്. ഇതിഹാസതാരങ്ങള്‍ ഒന്നിച്ചു പടിയിറങ്ങിയപ്പോള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിലുണ്ടായ പ്രതിസന്ധിക്ക് സമാനമാണ് ശ്രീലങ്കന്‍ ടീമിലെയും സാഹചര്യങ്ങള്‍.
മുത്തയ്യ മുരളീധരന് പിന്നാലെ കുമാര്‍ സംഗക്കാരയും മഹേല ജയവര്‍ധനെയും പുറത്തു പോകുമെന്ന് മുന്‍കൂട്ടി കാണാനുള്ള ദീര്‍ഘവീക്ഷണം ലങ്കന്‍ ക്രിക്കറ്റിനുണ്ടായില്ല. ശരാശരി നിലവാരമുള്ള താരങ്ങളടങ്ങിയ ദേശീയ ടീമിന് നാട്ടിൽ പോലും ജയിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആരാധകര്‍ മൈതാനങ്ങളില്‍ നിന്ന് അകലാന്‍ തുടങ്ങി.
രണ്ടു വര്‍ഷത്തിനിടെ ഒമ്പതു നായകന്മാരെ മാറ്റിയുള്ള പരീക്ഷണങ്ങളും ഗുണത്തേക്കാളേറെ ടീമിന് ദോഷമാണ് ചെയ്തത്. നാലു വര്‍ഷമായി ഏകദിന ടീമിൽ ഇടം ഇല്ലാതിരുന്ന ദിമുത് കരുണര്തനെ അവസാന നിമിഷം ലോകകപ്പ് ടീമിന്‍റെ നായകനായത് പരിഹാസ്യമായി. ഇതിനേക്കാള്‍ ഗുരുതരമാണ് ലങ്കന്‍ ക്രിക്കറ്റിൽ അടിമുടി വ്യാപിച്ചിരിക്കുന്ന അഴിമതിയും ഒത്തുകളിയും.
രാഷ്ട്രീയനേതാക്കളുടെയും കായികമന്ത്രിയുടെയും അനാവശ്യ ഇടപെടലുകളും ദ്വീപുരാജ്യത്തെ ക്രിക്കറ്റിനെ മുക്കിക്കൊല്ലുകയാണ്. വംശീയമായി ഭിന്നിച്ചുനിന്ന ജനതയെ ക്രിക്കറ്റിലൂടെ ഒന്നിപ്പിച്ച ഒരു സുവര്‍ണകാലമുണ്ടായിരുന്നു ശ്രീലങ്കന്‍ ടീമിന്. ആ കാലം ഇനി ഉടനൊന്നും തിരിച്ചു വരില്ലെന്നാണ് ശ്രീലങ്ക സെമി കാണാതെ പുറത്തു പോകുന്നത് തെളിയിക്കുന്നത്.
