ലണ്ടന്‍: റെക്കോര്‍ഡുകള്‍ തകര്‍ത്തും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചും മുന്നേറുകയാണ് ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോലി. റണ്‍വേട്ടയില്‍ 20,000 ത്തിന് അടുത്ത് എത്തി നില്‍ക്കുകയാണ് താരം. ഇനി 37 റണ്‍സ് കൂടി അടിച്ചെടുത്താല്‍ കളിയുടെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി 20,000 റണ്‍സ് നേടുന്ന 12-ാമത്തെ താരമാകും ഇന്ത്യന്‍ നായകന്‍. ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാമനും. നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡുമാണ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍. 

37 റണ്‍സ് നേടിയാല്‍ കോലി തക‍ർക്കുക ഇതിഹാസ താരങ്ങളുടെ റെക്കോര്‍ഡാണ്. സാക്ഷാല്‍ സച്ചിനും ലാറയും ഒരുമിച്ച് കൈവശം വച്ചിരിക്കുന്നൊരു റെക്കോർഡ്. ഏറ്റവും വേഗത്തില്‍ 20,000 റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ്. 

നിലവില്‍ ഏകദിനങ്ങളില്‍ നിന്നും 11,087 റണ്‍സും ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 6613 റണ്‍സും ടി 20 യില്‍ നിന്നും 2263 റണ്‍സുമാണ് കോലിയുടെ നേട്ടം. 131 ടെസ്റ്റുകളും  223 ഏകദിനങ്ങളും 62 ട്വന്‍റി-20യും കളിച്ചാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 417 -ാം ഇന്നിംഗ്സിനാണ് കോലി പാഡുകെട്ടുന്നത്. സച്ചിനും ലാറയും ഇരുപതിനായിരം ക്ലബിലെത്തിയത് 453 ഇന്നിംഗ്സിൽ നിന്നാണ്. 

ലോകകപ്പിനിടെ ഏകദിനത്തിൽ കോലി 11,000 ക്ലബിലെത്തിയിരുന്നു. ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കിയ കോലി മറികടന്നത് സച്ചിനെയാണ്. 11000 റൺസെടുക്കാൻ സച്ചിന് 276 ഇന്നിംഗ്സ് വേണ്ടിവന്നപ്പോൾ 222-ാം ഇന്നിംഗ്സിൽ കോലി ഈ നേട്ടം സ്വന്തമാക്കി.