ലണ്ടന്‍: ന്യൂസിലൻഡിനെതിരായ മത്സരം എത്രയും വേഗം കഴിയണമെന്നായിരിക്കും ഓസ്ട്രേലിയൻ താരം ഡേവിഡ് വാര്‍ണര്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവുക. കാരണം മത്സരത്തിന് പിന്നാലെ വലിയൊരു സന്തോഷവാര്‍ത്തയാണ് വാര്‍ണറെ കാത്തിരിക്കുന്നത്.

ഇന്ന് 6 മണി മുതലാണ് മത്സരം. കളി കഴിഞ്ഞാലുടൻ ഡേവിഡ് വാര്‍ണര്‍ ഓസ്ട്രേലിയൻ ടീമിനോട് തല്‍ക്കാലത്തേക്ക് യാത്ര പറയും. നേരെ പോകുന്നത് ഭാര്യ ക്യാൻഡിസിന്‍റെ അടുത്തേക്ക്. ഗര്‍ഭിണിയായ ക്യാൻഡിസിനെ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെയാണ് കുഞ്ഞ് ജനിക്കുമെന്ന് പറഞ്ഞിരിക്കുന്നത്.

വാര്‍ണറുടേയും ക്യാൻ‍ഡിസിന്‍റെയും മൂന്നാമത്തെ കുട്ടിയാണ് വരാനിരിക്കുന്നത്. കുഞ്ഞ് ജനിക്കുമ്പോള്‍ ഭര്‍ത്താവ് ഒപ്പം വേണമെന്ന് ക്യാൻഡിസിന് നിര്‍ബന്ധമായിരുന്നു. അങ്ങനെയാണ് ലോകകപ്പ് നടക്കുന്ന ഇംഗ്ലണ്ടിലേക്ക് പ്രസവത്തിനായി പോയത്. നാല് ദിവസം കുഞ്ഞിനൊപ്പം വാര്‍ണറുണ്ടാകും. അഞ്ചാം തീയതി തിരികെ ഓസ്ട്രേലിയൻ ടീമിനൊപ്പം ചേരും. ആറിനാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.