ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ അഞ്ചാം ജയത്തിനായി ഇന്ത്യ ഇന്നിറങ്ങുകയാണ്. വെസ്റ്റ് ഇൻഡീസാണ് എതിരാളികള്‍. മാഞ്ചസ്റ്ററില്‍ മൂന്ന് മണി മുതലാണ് മത്സരം. ഇന്ത്യയുടെ കഴിഞ്ഞ ഭൂരിഭാഗം കളികളിലും മിന്നും പ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ ഓപ്പണര്‍ ഹിറ്റ്മാനിലാണ് എല്ലാവരുടെയും കണ്ണുകള്‍. 

മറ്റൊരു ഇന്ത്യന്‍ താരത്തെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള നീക്കത്തിലാണ് രോഹിത് ശര്‍മ്മ. രണ്ട് സിക്സുകള്‍ കൂടിയടിച്ചെടുത്താല്‍ താരം മറികടക്കുക എംഎസ് ധോണിയുടെ പേരിലുള്ള ഒരു റെക്കോര്‍ഡാണ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ്.  ഇതുവരെ 224 സിക്സുകളാണ് താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നിട്ടുള്ളത്. ധോണിയുടെ പേരില്‍ 225 സിക്സുകളുമുണ്ട്. ഇനി രണ്ടു സിക്സുകള്‍ കൂടി അടിച്ചെടുത്താല്‍ രോഹിത്, ധോണിയുടെ റെക്കോര്‍ഡ് മറികടക്കും. 

വമ്പന്‍ അടിക്കാരുടെ പട്ടികയില്‍ 351 സിക്സുകളുമായി ഷാഹിദ് അഫ്രിദിയാണ് ഒന്നാമത്. 324 സിക്സുകളാണ് രണ്ടാമതുള്ള വിന്‍ഡീസ് താരം ക്രിസ് ഗെയിലിന്‍റെ ബാറ്റില്‍ നിന്നും പിറന്നിട്ടുള്ളത്. 270 സിസ്കുകളുമായി സനത് ജയസൂര്യയാണ് പട്ടികയില്‍ മൂന്നാമത്. ഇന്നത്തെ മത്സരത്തില്‍ രോഹിത്തിന് ധേോണിയെ മറികടക്കാന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.