സതാംപ്ടണ്‍: വിജയക്കുതിപ്പ് തുടരാനെത്തിയ ഇന്ത്യക്ക് മുന്നില്‍ ആരും പ്രവചിക്കാത്ത പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ പുറത്തെടുത്തത്.  ലോകകപ്പിലെ വിജയക്കുതിപ്പ് തുടരാനെത്തിയ നീലപ്പടയെ വരിഞ്ഞ് മുറുക്കിയ അഫ്ഗാനിസ്ഥാന്‍ മികച്ച ബൗളിംഗ് പ്രകടനത്തോടെ അട്ടിമറി സാധ്യതകളാണ് തുറന്നെടുത്തിരിക്കുന്നത്.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ഓര്‍ക്കാന്‍ നായകന്‍ കോലിയുടെയും കേദാര്‍ ജാദവിന്‍റെയും അര്‍ധ സെഞ്ചുറികള്‍ മാത്രം ബാക്കിയായപ്പോള്‍ നിശ്ചിത ഓവറില്‍ നേടാനായത് 224 റണ്‍സ് മാത്രം. അതിനൊപ്പം ഒരു നാണക്കേടിന്‍റെ റെക്കോര്‍ഡ് ഇന്ത്യക്ക് ഈ മത്സരത്തിലുണ്ടായിട്ടുണ്ട്.

ആദ്യം ബാറ്റ് ചെയ്ത് 50 ഓവര്‍ പൂര്‍ത്തിയാക്കിയ മത്സരത്തില്‍ കഴിഞ്ഞ നാല് വര്‍ഷം നോക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന്‍റെ ഏറ്റവും കുറഞ്ഞ സ്കോറാണ് ഇന്നത്തേത്. നേരത്തെ, 2015 ഏപ്രിലില്‍ ദക്ഷിണാഫ്രിക്കയോട് 50 ഓവറില്‍ 247 റണ്‍സില്‍ ഒതുങ്ങിയതായിരുന്നു മോശം പ്രകടനം.

അന്ന് എം എസ് ധോണി, അജിങ്ക്യ രഹാനെ എന്നിവരുടെ അര്‍ധ ശതകങ്ങളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത്. എന്നാല്‍, ഭുവനേശ്വര്‍ കുമാര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ ബൗളിംഗ് മികവില്‍ ഇന്ത്യ 22 റണ്‍സിന്‍റെ വിജയം ആ മത്സരത്തില്‍ പിടിച്ചെടുത്തിരുന്നു. അതേ പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്ന് ഇന്നും പ്രതീക്ഷിക്കുന്നത്.