ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ അസാമാന്യ വ്യക്തിത്വമായിരുന്ന യുവ്‍രാജ് സിംഗ് എന്നും ഓര്‍മിപ്പിക്കപ്പെടുക 2011ലെ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ പ്രധാന പങ്കവഹിച്ച വ്യക്തി എന്നാകും. ഇന്ത്യ കിരീടം നേടിയ ലോകകപ്പില്‍ ടൂര്‍ണമെന്‍റിലെ താരമായ യുവി ഇപ്പോള്‍ 2019 ലോകകപ്പിന്‍റെ താരം ആരാകുമെന്ന് പ്രവചിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടില്‍ രണ്ട് സെഞ്ചുറികളും ഒരു അര്‍ധ ശതകവുമായി മിന്നിത്തിളങ്ങുന്ന രോഹിത് ശര്‍മയാകും ലോകകപ്പില്‍ മാന്‍ ഓഫ് ടൂര്‍ണമെന്‍റ് ആവുകയെന്ന് യുവി ട്വിറ്ററില്‍ കുറിച്ചു. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രോഹിത് ശര്‍മ നായകനായ മുംബെെ ഇന്ത്യന്‍സിന് വേണ്ടിയാണ് യുവി കളിച്ചിരുന്നത്.

മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോര്‍ നേടാനാവാത്തതിനെ കുറിച്ച് ഒരു ചര്‍ച്ച അന്ന് രോഹിത്തുമായി നടന്നതായി യുവി പറഞ്ഞു. എന്താണ് തലയ്ക്ക് മുകളില്‍ നടക്കുന്നതെന്ന് താങ്കള്‍ക്ക് അറിയില്ലെന്നും ഒരു കാര്യത്തിന് വേണ്ടിയാണ് എല്ലാം സംഭവിക്കുകയെന്നുമാണ് അന്ന് രോഹിത്തിനോട് പറഞ്ഞത്.

2011 ലോകകപ്പിന് മുമ്പ് സച്ചിന്‍ തന്നോട്ട് പറഞ്ഞ വാക്കുകള്‍ ആണിതെന്നും യുവി കുറിച്ചു. ഇതിന് ശേഷമാണ് രോഹിത് ആകും ഈ ലോകകപ്പിലെ താരമെന്ന് യുവ്‍രാജ് പ്രവചിച്ചിരിക്കുന്നത്.  നേരത്തെ, ലോകകപ്പ് കിരീടം ആര് നേടുമെന്നുള്ള സാധ്യതകള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച യുവി പ്രവചിച്ചിരുന്നു.

ഇന്ത്യക്കൊപ്പം ഇംഗ്ലണ്ടിനും ലോകകപ്പ് നേടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചിക്കുന്നത്. ക്രിക്കറ്റ് ലോകകപ്പിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് യുവിയുടെ പ്രവചനം വന്നത്. ഇന്ത്യക്ക് വലിയ സാധ്യതകളാണ് ലോകകപ്പില്‍ ഉള്ളത്. ഇന്ത്യയോ ഇംഗ്ലണ്ടോ ലോകകപ്പ് നേടുമെന്നാണ് കരുതുന്നത്.

ഈ ലോകകപ്പ് ഇതുവരെ മുന്നോട്ട് പോയത് കണക്കാക്കിയാണ് തന്‍റെ പ്രവചനമെന്നും യുവി പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായ യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഈ മാസം പത്തിനാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു.

40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു. 2011ലെ ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിന്റെ താരം.