കച്ച് : ഗുജറാത്തിലെ കച്ച് ജില്ലയിലെ അൻജാർ എന്ന സ്ഥലത്തുവെച്ച് നാലു കൊള്ളക്കാർ ചേർന്ന് ഒരു ട്രെയിലർ ട്രക്ക് ഡ്രൈവറെ തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തി വഴിയിൽ ഇറക്കി വിട്ടതായി പരാതി. പ്രസ്തുത കണ്ടൈനർ ലോറിയിൽ ലോഡ് ചെയ്തിരുന്ന ഒന്നരക്കോടി രൂപ വിലമതിക്കുന്ന 25,110 കിലോഗ്രാം ഇറക്കുമതി ചെയ്ത പിസ്തയുമായി കൊള്ളക്കാർ സ്ഥലം വിട്ടെന്ന് ഡ്രൈവർ പറയുന്നു. കഴിഞ്ഞ പത്താം തീയതി, വ്യാഴാഴ്ചയാണ് സംഭവം. 

അദാനി പോർട്ടിൽ നിന്ന് ബുധനാഴ്ച വൈകുന്നേരവും അഞ്ചുമണിയോടെ ഫുൾ ലോഡ് പിസ്തയുമായി മുംബൈയിലെ വാഷിയിലേക്ക്  പുറപ്പെട്ട കണ്ടെയ്നർ ട്രെയിലർ ട്രക്ക്, ടോൾ പ്ലാസക്ക് അടുത്തുളള ഹോട്ടൽ സഹയോഗിൽ നിർത്തി ഭക്ഷണം കഴിച്ച് സ്വൽപ്പനേരം വിശ്രമിച്ചിരുന്നു. വൈകുന്നേരം എട്ടുമണിയോടെ അൻജാർ എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഒരു കാറിൽ നാലുപേർ വന്ന് ഓവർടേക്ക് ചെയ്ത് കുറുകെ നിർത്തിയത്. കാറിൽ നിന്ന് ചാടിയിറങ്ങിയവരിൽ ഒരാൾ തന്റെ നെഞ്ചത്ത് തോക്കമർത്തി താഴെയിറങ്ങാൻ നിർബന്ധിക്കുകയായിരുന്നു എന്ന് ഡ്രൈവർ പരാതിയിൽ പറഞ്ഞു. 

ഡ്രൈവറെ ആ കാറിൽ കയറ്റി രാത്രി മുഴുവൻ സംഘം കറങ്ങിക്കൊണ്ടിരുന്നു എന്നും രാവിലെ നാലുമണിയോടെ മുന്ദ്രക്കടുത്ത് ഹൈവേയിൽ തന്നെ ഇറക്കി വിടുകയായിരുന്നു എന്നും അയാൾ പറഞ്ഞു. മോഷണം പോയ ട്രാക്ക് മണിക്കൂറുകൾക്കു ശേഷം മിഥി റോഹ്‌റിനടുത്ത് വെച്ച് കണ്ടെത്തി എങ്കിലും അതിനുള്ളിലെ ചരക്ക് അപ്പോഴേക്കും മോഷ്ടിക്കപ്പെട്ടിരുന്നു. സംഭവം നടന്നത് രാത്രി ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് ആയതിനാൽ അതിന്റെ സിസിടിവി ദൃശ്യങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. ഗുജറാത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.