മേവാഡ്: ഹരിയാനയിലെ മേവാഡ് ജില്ലയിൽ 12 വയസ് മാത്രം പ്രായമുള്ള ദളിത് പെൺകുട്ടിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

ജൂലൈ ഏഴിനാണ് പെൺകുട്ടിയെ കാണാതായത്. രാവിലെ സൈക്കിളെടുത്ത് പുറത്തേക്ക് പോയ പെൺകുട്ടി മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. തുടർന്ന് മാതാപിതാക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടില്ല. നൂഹ് പൊലീസ് സ്റ്റേഷനിൽ ഇവർ കുട്ടിയെ കാണാനില്ലെന്ന് കാട്ടി പരാതി നൽകി.

അന്ന് രാത്രി വൈകി വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി നാല് പേർ ചേർന്ന് തന്നെ പീഡിപ്പിച്ചതായി മാതാപിതാക്കളോട് പറഞ്ഞു. മാതാപിതാക്കളുടെ പരാതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതിനായിരുന്നു പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തു. പോക്സോ വകുപ്പുകൾ കൂടി ചേർത്താണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളായ ഇമ്രാൻ, മൂലി, റിസ്‌വാൻ എന്നിവരാണ് അറസ്റ്റിലായത്. 

കേസിൽ ഒളിവിൽ കഴിയുന്ന പ്രതി, നാസയെ കാണാനാണ് പെൺകുട്ടിയ വീട്ടിൽ നിന്ന് പോയത്. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പെൺകുട്ടിയെ സൈക്കിളിലിരുത്തി മറ്റൊരിടത്തേക്ക് ഓടിച്ച് പോയ പ്രതി തന്റെ സുഹൃത്തുക്കളെ കൂടി ഇവിടേക്ക് വിളിച്ചുവരുത്തി. നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടിനകത്ത് വച്ചാണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. നൂഹിൽ മുത്തശ്ശിക്കൊപ്പമാണ് പെൺകുട്ടി കഴിഞ്ഞുവന്നത്.