Asianet News MalayalamAsianet News Malayalam

കോഴിക്കോട് കോടികളുടെ കഞ്ചാവ് വേട്ട; യുവാവ് അറസ്റ്റില്‍

കുടകില്‍ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയ ലോറിയാണ് കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണ് ഇത്. 

120kg cannabis seized from Koxhikode; one man held
Author
Kozhikode, First Published Nov 3, 2020, 9:44 PM IST

കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന കഞ്ചാവുമായി യുവാവ് പിടിയിലായി. പന്തീരാങ്കാവ് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് തിരൂര്‍ സ്വദേശി പ്രദീപ് കുമാര്‍ (42) പിടിയിലായത്. ഒഡീഷയിലെ റായ്ഘട്ടില്‍ നിന്നും നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന 120 കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. കുടകില്‍ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയ ലോറിയാണ് കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണ് ഇത്. 

ആന്ധ്രപ്രദേശിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തിയിരുന്ന കഞ്ചാവ് നിരവധി തവണ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടം ആന്ധ്ര പൊലീസ് നശിപ്പിക്കുകയും ചെയ്തിരുന്നു. പൊലീസ് നിരീക്ഷണം ശക്തമായതിനെതുടര്‍ന്ന് കഞ്ചാവ് രഹസ്യകേന്ദ്രത്തിലാണ് സൂക്ഷിച്ചിരുന്നത്. റായ്ഘട്ടിലെ രഹസ്യകേന്ദ്രത്തെകുറിച്ച് കോഴിക്കോട് ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഫോഴ്‌സിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പൊലീസ് നടപടി. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാനങ്ങളില്‍ ചരക്ക് നീക്കം നടത്തുന്ന ലോറികളെ നിരീക്ഷിക്കാന്‍ കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സുജിത്ത്ദാസ് നാര്‍ക്കോട്ടിക് സെല്‍ എ സി പി സുനില്‍കുമാറിന് നിര്‍ദേശം നല്‍കിയിരുന്നു. കുടകില്‍ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായി പോയ ലോറി  ചരക്കൊന്നുമില്ലാതെ തമിഴ്‌നാട് അതിര്‍ത്തി കടന്നവിവരം ലഭിച്ചതിനെതുടര്‍ന്ന് പൊലീസ് നിരീക്ഷണം ഊര്‍ജ്ജിതമാക്കി. 

കുറച്ചുദിവസങ്ങളായി ലോറി ചരക്കെടുക്കാതെ കറങ്ങി നടന്നതാണ് പൊലീസിന്റെ സംശയത്തിനിടയായത്. തുടര്‍ന്ന് കോഴിക്കോട് സിറ്റി പൊലീസ് പരിധിയില്‍ പ്രവേശിക്കുന്ന എല്ലാ ചരക്ക്‌ലോറികളും വിശദമായി പരിശോധിക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഡെപ്യുട്ടി കമ്മീഷണര്‍ എസ്. സുജിത്ത് ദാസ് വാഹനപരിശോധനയില്‍ നിന്നും ഒരു വാഹനവും ഒഴിഞ്ഞുപോകാതിരിക്കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും പൊലീസ് കണ്‍ട്രോള്‍ റൂമിനും ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പ്രത്യേകം നിരീക്ഷിക്കുന്നതിനായി ക്രൈം സ്‌ക്വാഡിനെ ചുമതലപ്പെടുത്തി.  

ഡ്രൈവര്‍ ക്യാബിനില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കാണപ്പെട്ടതെന്ന് പന്തീരാങ്കാവ് പൊലീസ് പറഞ്ഞു. വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന കഞ്ചാവാണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത്. പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ ബിജു ജോസഫ്, എസ്.ഐ മാരായ രഞ്ജിത്ത്, അബ്ദുള്‍ മുനീര്‍, എസ്.സി.പി.ഒ ശ്രീജിത്ത്, പ്രബീഷ്, ഡ്രൈവര്‍ സി.പി.ഒ ജിതിന്‍, സി.പി.ഒ അനീഷ്, രഞ്ജിത്ത് ഡന്‍സാഫ് അംഗങ്ങളായ എ.എസ്.ഐ എം. മുഹമ്മദ് ഷാഫി, സീനിയര്‍ സി.പി.ഒ അഖിലേഷ്. കെ, ജോമോന്‍ കെ.എ. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ എം. സജി, സി.പിഒമാരായ പി. ശ്രീജിത്ത്, പി.ടി ഷഹീര്‍, എ.വി. സുമേഷ് എന്നിവരാണ് അന്വേഷണ സംഘത്തുള്ളത്. 

Follow Us:
Download App:
  • android
  • ios