ഫിറോസാബാദ് : മൂന്നംഗ സംഘത്തിന്‍റെ പീഡനശ്രമം ചെറുക്കാന്‍ ശ്രമിച്ച പന്ത്രണ്ടാംക്ലാസുകാരിയെ വെടിവച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ ഫിറോസാബാദില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മൂന്നുപേര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം ചെറുത്തതോടെ ക്ഷുഭിതരായ യുവാക്കള്‍ വെടിവയ്ക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. 

പെണ്‍കുട്ടിയെ ഇതിന് മുന്‍പ് നിരത്തിലൂടെ അപമാനിക്കാന്‍ ശ്രമിച്ച യുവാക്കള്‍ തന്നെയാണ് സംഭവത്തിലെ പ്രതികളെന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നത്. റസല്‍പൂരിലെ വീട്ടിലേക്ക് മൂവര്‍ സംഘം അതിക്രമിച്ച് കയറുകയായിരുന്നു. നേരത്തെ കടയില്‍ പോയി തിരിച്ച് വരുന്നതിനിടെ അശ്ലീല സംഭാഷണം നടത്താന്‍ ശ്രമിച്ച യുവാക്കള്‍ക്ക് ശക്തമായ താക്കീത് പെണ്‍കുട്ടി നല്‍കിയിരുന്നു. ഇതില്‍ അപമാനിതരായതോടെയാണ് യുവാക്കള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. രാത്രി 11.45ഓടെയായിരുന്നു ഇവര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയതെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 

പെണ്‍കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ മൊഴികളില്‍ വിരുദ്ധതയുണ്ടെന്നാണ് പൊലീസ് സൂപ്രണ്ട് സച്ചീന്ദ്ര പട്ടേല്‍ പറയുന്നത്. വീട്ടുകാര്‍ വിവരമറിയിച്ചതിന് പിന്നാലെ പൊലീസ് വന്ന ശേഷമാണ് അയല്‍വാസികള്‍ വിവരം അറിയുന്നത്.