പെണ്‍കുട്ടിയോട് യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പതിനാലുകാരി ഇത് നിരസിച്ചതോടെ പ്രകോപിതനായ യുവാവ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെണ്‍കുട്ടിയെകൂട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മുസഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പതിനാലുവയസുകാരിയെ അയല്‍വാസിയായ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച വൈകിട്ടോടെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് ഞായറാഴ്ച ഹാജിപൂർ ഗ്രാമത്തിലെ കരിമ്പ് തോട്ടത്തിൽ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ പെണ്‍കുട്ടിയെ അയല്‍ക്കാരനായ സോനു ബഞ്ചാര എന്ന യുവാവിനൊപ്പം കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

പെണ്‍കുട്ടിയോട് യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പതിനാലുകാരി ഇത് നിരസിച്ചു. ഇതോടെയാണ് പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് മുസഫർനഗർ സീനിയർ പോലീസ് സൂപ്രണ്ട് വിനിത് ജയ്‌സ്വാൾ പറഞ്ഞു.

അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

Read More : മദ്യംനൽകി പതിനാറുകാരനെ പീഡിപ്പിച്ചു; മണ്ണുത്തിയില്‍ 37 കാരിയായ ട്യൂഷന്‍ അധ്യാപിക അറസ്റ്റില്‍