പട്ന: യുവതിയെ നിരന്തരം ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ യുവതിയുടെ കുടുംബത്തിലെ 16 പേര്‍ക്ക് നേരെ ആസിഡ് ആക്രമണം. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

നന്ദ കിഷോര്‍ ഭഗത് എന്ന വ്യക്തിയുടെ കുംടബത്തില്‍പ്പെട്ട യുവതിയെ ഒരു സംഘം ആളുകള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച യുവതിയുടെ വീട്ടുകാരും യുവാക്കളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. എന്നാല്‍ പിന്നീട് വാക്കുതര്‍ക്കം പരിഹരിക്കപ്പെട്ടു.

ഇതിന് പ്രതികാരമായി ബുധനാഴ്ച രാത്രിയോടെ ദൗദ്പുര്‍ ഗ്രാമത്തിലുള്ള യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ കുടുംബാംഗങ്ങള്‍ക്ക് നേരെ ആസിഡൊഴിക്കുകയായിരുന്നു. അക്രമി സംഘത്തില്‍ 20 ഓളം പേരുണ്ടായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ചുപേരെ വൈശാലി പൊലീസ് അറസ്റ്റ് ചെയ്തു.