ഇടുക്കി: നരിയമ്പാറയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതി റിമാൻഡിൽ. ഒളിവിലായിരുന്ന മനു മനോജ് രാവിലെ കട്ടപ്പന ഡിവൈഎസ്പിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. അതേസമയം തീകൊളുത്തി ആത്ഹത്യക്ക് ശ്രമിച്ച പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നരിയമ്പാറയിൽ ഓട്ടോ ഓടിക്കുന്ന മനു മനോജ് പ്രണയം നടിച്ചാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത്. സംഭവം അറിഞ്ഞ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പിന്നാലെ പ്രതി ഒളിവിൽ പോയി. പെൺകുട്ടി ആത്മഹത്യശ്രമം നടത്തിയതോടെ കുരുക്ക്  മുറുകിയെന്ന് മനസിലാക്കി കട്ടപ്പന ഡിവൈഎസ്പിക്ക് മുന്നിൽ കീഴടങ്ങുകയുമായിരുന്നു.

പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സബ് ജയിലിൽ റിമാൻഡ് ചെയ്തു. നരിയമ്പാറയിലെ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനായ മനുവിനെ പീഡനപരാതി ഉയർന്ന സാഹചര്യത്തിൽ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. 

അതേസമയം ആത്മഹത്യക്ക് ശ്രമിച്ച പെണ്കുട്ടിയെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെക്ക് മാറ്റി. 65 ശതമാനം പൊള്ളലേറ്റ പെൺകുട്ടി അപകടനില തരണം ചെയ്തെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട്. ഇന്നലെ രാവിലെയാണ് പെൺകുട്ടി വീട്ടിലെ ശുചിമുറിയിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.