മലപ്പുറം: പതിനേഴുകാരിയെ മൂന്നു വര്‍ഷങ്ങളായി പീഡിപ്പിച്ചിരുന്ന യുവാവിനെ മലപ്പുറം പെരുമ്പടപ്പില്‍ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു.വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച കാമുകന്‍റെ വീട്ടിലെത്തി പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

മാറഞ്ചേരി പുറങ്ങ് സ്വദേശി ഷഫീഖാണ് പിടിയിലായത്. പെൺകുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഷെഫീഖുമായി പ്രണയത്തിലായത്. വിവാഹ വാഗ്ദാനം നല്‍കി ഷഫീഖ് പെൺകുട്ടിയെ വീട്ടിലും പല ലോഡ്ജുകളിലുമായി കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചു. പല സ്ഥലങ്ങളിലും വച്ച് പെൺകുട്ടിയുടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറി മറ്റൊരു വിവാഹം കഴിച്ചു. ഇതറിഞ്ഞ പ്രതിഷേധിച്ച പെൺകുട്ടിയെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കാണിച്ച് ഷെഫീഖ് ഭീഷണിപ്പെടുത്തുത്തി. ഷഫീഖിന്‍റെ വീട്ടിലെത്തി കൈയ്യിലെ ഞരമ്പ് മുറിച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം ബന്ധുക്കളും നാട്ടുകാരും അറിഞ്ഞത്. 

ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരുടെ കൗൺസിലിംഗില്‍ പെൺകുട്ടി പീഡിപ്പിച്ച സ്ഥലവും വിവരങ്ങളും പറഞ്ഞു. പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്ത ഷെഫീഖിനെ പൊന്നാനി കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.