Asianet News MalayalamAsianet News Malayalam

പണക്കാരനാകാൻ ബോംബുണ്ടാക്കി കൊറിയർ ചെയ്തു, ലക്ഷ്യം ഇൻഷുറൻസ് തട്ടൽ, 17 കാരൻ പിടിയിൽ

സ്‌ഫോടനം ഉണ്ടാക്കി ഇതുവഴി തന്റെ പാർസലിന് സംഭവിച്ച നാശനഷ്ടങ്ങൾക്കെതിരെ ഇൻഷുറൻസ് ക്ലെയിം ചെയ്യുകയായിരുന്നു ലക്ഷ്യം. 

17 year old shipped DIY bomb to claim damage insurance in Mumbai
Author
Mumbai, First Published Jul 16, 2022, 6:51 PM IST

മുംബൈ : ഒറ്റ രാത്രികൊണ്ട് പണക്കാരനാകാൻ 17 വയസ്സുകാരന്റെ അതിബുദ്ധി. യൂട്യൂബ് ചാനലുകളിൽ നിന്ന് ബോംബുണ്ടാക്കാൻ പഠിച്ചാണ് 17 കാരൻ പണമുണ്ടാക്കാൻ ശ്രമിച്ചത്. ഇലക്ട്രോണിക് സർക്യൂട്ട്, ബാറ്ററികൾ എന്നിവ ഉപയോഗിച്ച് തീപ്പൊരി പടക്കങ്ങൾ ഉപയോഗിച്ച് ഒരു ബോംബ് ഉണ്ടാക്കി, അത് ഒരു കൊറിയറിൽ ഇടുന്നതിന് മുമ്പ് മൊബൈൽ ഫോൺ അലാം ഉപയോഗിച്ച് ടൈം ചെയ്തു. സ്‌ഫോടനം ഉണ്ടാക്കി ഇതുവഴി തന്റെ പാർസലിന് സംഭവിച്ച നാശനഷ്ടങ്ങൾക്കെതിരെ ഇൻഷുറൻസ് ക്ലെയിം ചെയ്യുകയായിരുന്നു ലക്ഷ്യം. 

എന്നാൽ  ജോഗേശ്വരിയിലെ കൊറിയർ കമ്പനിയുടെ ഗോഡൗണിൽ വച്ച് ബോംബ് പൊട്ടിത്തെറിച്ചതോടെ ഗോഡൌണിൽ തീപടർന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് സ്ഥലത്ത് നടത്തിയ പരിശോധനയിൽ പൊട്ടിത്തെറിച്ച പാഴ്‌സലിനുള്ളിൽ ഡിഐവൈ ബോംബ് കണ്ടെത്തി. ഇത് അയച്ചയാളുടെ വിശദാംശങ്ങൾ കണ്ടെത്തിയ പൊലീസ് 17 കാരനെ അറസ്റ്റ് ചെയ്തു. 

മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന കുട്ടി ചോദ്യം ചെയ്യലിനോട് ആദ്യം സഹകരിച്ചില്ല. എന്നിരുന്നാലും, ഇൻഷുറൻസ് ചെയ്‌തിരിക്കുന്ന ഒരു പാഴ്‌സൽ ട്രാൻസിറ്റ് സമയത്ത് കേടായാൽ, അയച്ചയാൾക്ക് സാധനങ്ങളുടെ മൂല്യവും നാശനഷ്ടത്തിന്റെ 110% മൂല്യവും ലഭിക്കുമെന്ന് ഒരു പരസ്യത്തിൽ നിന്ന് താൻ കണ്ടെത്തിയതായി കുട്ടി പൊലീസിനോട് പറഞ്ഞു. ഈ വിവരമനുസരിച്ച്, കുട്ടി ഒരു മൊബൈൽ ഫോണും ചില പ്രോസസറുകളും മെമ്മറി കാർഡുകളും അടങ്ങിയ പാഴ്സലുമായി കൊറിയർ സർവീസ് ബുക്ക് ചെയ്യുകയും അതിന്റെ മൂല്യം 9.81 ലക്ഷം രൂപയാണെന്നും പറഞ്ഞു. തുടർന്ന് പാഴ്സലിന് ഇൻഷുറൻസ് വാങ്ങി.

യുട്യൂബിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് മൊബൈൽ ഫോണിൽ ടൈമർ സർക്യൂട്ട് എങ്ങനെ നിർമ്മിക്കാമെന്ന് പഠിച്ചു. മൊബൈൽ ഫോൺ വാങ്ങി സർക്യൂട്ട് തയ്യാറാക്കി ബാറ്ററികൾ ഘടിപ്പിക്കുകയും ഉത്സവങ്ങളിൽ ഉപയോഗിക്കുന്ന പടക്കങ്ങൾ ഉപയോഗിച്ച് ബോംബ് ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് ബ്ലൂ ഡാർട്ട് വഴി പാഴ്സൽ ബുക്ക് ചെയ്യുകയും ദില്ലി വിലാസം നൽകുകയും ചെയ്തു. കൊറിയർ ഉദ്യോഗസ്ഥർ കുട്ടിയുടെ വസതിയിൽ നിന്ന് പാഴ്‌സൽ എടുത്ത് ജോഗേശ്വരി ആസ്ഥാനമായുള്ള ഓഫീസിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്‌ഫോടനം നടന്നത് ”പൊലീസ് ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. കുട്ടിയെ ജൂലൈ 27 വരെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

Follow Us:
Download App:
  • android
  • ios