ദില്ലി: കുടുംബ തർക്കത്തിനിടെ 18കാരനെ കുത്തിക്കൊന്ന കേസിൽ മൂന്ന് പേർ ഒളിവിൽ. തിങ്കളാഴ്ച പടിഞ്ഞാറൻ ദില്ലിയിലെ വികാസ്‌പുരിയിലാണ് സംഭവം. കേശോപൂർ ഗ്രാമവാസിയായ മൊഹമ്മദ് റിയാസ് അൻസാരിയാണ് കൊല്ലപ്പെട്ടത്. 

സംഭവത്തിൽ ശിവ്‌കുമാർ(22), രേഖ(27) സർവേഷ്(50) എന്നിവർ അറസ്റ്റിലായി. റിയാസ് അൻസാരിക്ക് കഴുത്തിനാണ് കുത്തേറ്റത്. കുത്തേറ്റയുടൻ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊല്ലപ്പെട്ട അൻസാരിയുടെയും കൊലപ്പെടുത്തിയ പ്രതികളുടെയും കുടുംബങ്ങൾ ഒരേ കെട്ടിടത്തിലാണ് കഴിയുന്നത്. സർവേഷിന്റെ മകൻ കരണിനെ അൻസാരിയുടെ അമ്മാവനായ നെക് മൊഹമ്മദ് മർദ്ദിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്. റിയാസ് അൻസാരിയുടെ സഹോദരിക്ക് നേരെ അശ്ലീലം പറഞ്ഞതിനാണ് കരണിനെ മർദ്ദിച്ചതെന്ന് അൻസാരിയുടെ കുടുംബം പറയുന്നു.

ഇരു കുടുംബങ്ങളും തമ്മിൽ ഉടലെടുത്ത വഴക്ക് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയപ്പോൾ റിയാസ് അൻസാരി ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതിനിടയിൽ രാഹുൽ എന്നയാളാണ് അൻസാരിയെ കുത്തിയത്. കുത്തിയ പ്രതി രാഹുൽ, ജിത്തു, രാഹുൽ എന്ന പേരിൽ തന്നെയുള്ള മറ്റൊരാൾ , ദലിപ് എന്നിവർ ഒളിവിലാണ്.