ലക്നൗ: അമ്മയ്ക്ക് അസുഖമാണെന്ന് വിശ്വസിപ്പിച്ച് ഭർതൃവീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ യുവതിയെ അഞ്ചുദിവസത്തോളം ബന്ദിയാക്കി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബധോഹി ജില്ലയിലാണ് സംഭവം. കേസിൽ വിശാല്‍ സരോജ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ ​ഗ്രാമത്തിൽനിന്നുള്ളയാളാണ് അറസ്റ്റിലായ വിശാൽ. മൂന്ന് മാസം മുമ്പാണ് പതിനെട്ടുകാരിയുടെ വിവാഹം കഴിഞ്ഞത്.  ഭര്‍ത്തൃവീട്ടിലായിരുന്ന യുവതിയെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് വിശാൽ കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ബദോഹിയിലെ സരോജിന്റെ കൃഷിയിടത്തിനു സമീപത്തെ മുറിയില്‍ യുവതിയെ ബന്ദിയാക്കി അഞ്ച് ദിവസത്തോളം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ബുധനാഴ്ച യുവതിയുടെ അമ്മയുടെ ആരോ​ഗ്യനില അന്വേഷിക്കാനെത്തിയ ഭർതൃവീട്ടുകാരാണ് യുവതിയെ കാണാനില്ലെന്ന വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിശാലിന്റെ തോട്ടത്തിൽനിന്ന് ബന്ദിയാക്കിയ നിലയിൽ യുവതിയെ കണ്ടെത്തി. ഇവിടെനിന്ന് രക്ഷപ്പെടുത്തിയ യുവതിയെ പൊലീസ് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.