ഓസ്റ്റിൻ: നോർത്ത് ഡാലസിൽ ഗർഭിണിയായ സഹോദരിയെ കഴുത്തുഞ്ഞെരിച്ച് കൊന്ന സഹോദരൻ അറസ്റ്റിൽ. വിരിഡിയാന അരേവലോ (23) എന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച കേസിൽ പത്തൊമ്പതുകാരനായ എഡ്വേർഡോ അരേവാലോയാണ് അറസ്റ്റിലായത്. കുടുംബത്തിന് ശല്യമാണെന്നാരോപിച്ചാണ് സഹോദരിയെ കൊന്നതെന്ന് എഡ്വേർഡോ ചോദ്യം ചെയ്യലിൽ പൊലീസിനോട് കുറ്റസമ്മതം നടത്തി.

കൊല്ലപ്പെടുമ്പോൾ വിരിഡിയാന എട്ടു മാസം ഗർഭിണിയായിരുന്നു. ഡിസംബർ 17 മുതൽ കാണാതായ വിരിഡിയാനയുടെ മൃതദേഹം അഞ്ച് ദിവസം കഴിഞ്ഞാണ് പൊലീസ് കണ്ടെത്തിയത്. മാനസികാരോ​ഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന സഹോദരി കുടുംബത്തിന് ഒരു ഭാരമായിരുന്നു. ജനിക്കാൻ പോകുന്ന കുഞ്ഞിനെ സംരക്ഷിക്കുന്നതിനും കൂടി വേണ്ടിയാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്ന് എഡ്വേർഡോ പറഞ്ഞു.

സോഫയിൽ ഇരിക്കുകയായിരുന്ന യുവതിയെ കഴുത്ത് ‍ഞെരിച്ചാണ് സഹോദരൻ കൊലപ്പെടുത്തിയത്. തുടർന്ന് വിരിഡിയാനയുടെ മൃതദേഹം കോളനിയിൽനിന്ന് 30 കിലോമീറ്റർ അകലെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ എഡ്വേർഡോ, ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാൻ വിരിഡിയാനയുടെ  മുറിയിൽ ആത്മഹത്യ കുറിപ്പ് എഴുതി വയ്ക്കുകയും ചെയ്തു.

എന്നാൽ. പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ എഡ്വേർഡോ ആണ് വിരിഡിയാനയെ കൊന്നതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വിരിഡിയാനയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ എഡ്വേർഡോ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കൽ‌ തുടങ്ങിയ വകുപ്പുകളിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.