അലിഗഡ്: വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകന്‍റെ മുഖത്ത് പത്തൊമ്പതുകാരി ആസിഡ് ഒഴിച്ചു. അലിഗഡിലെ ജീവന്‍ഗഡ് മേഖലയിലാണ് സംഭവം. യുവാവിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിക്കെതിരെ കവര്‍സി പൊലീസ് കേസെടുത്തു. 

പെണ്‍കുട്ടിയും തന്‍റെ മകനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒരുമാസമായി ഇവര്‍ തമ്മില്‍ സംസാരിക്കാറില്ലായിരുന്നുവെന്നും യുവാവിന്‍റെ അമ്മ പറഞ്ഞു. വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടി നിരന്തരമായി യുവാവിനെ വിളിച്ചിരുന്നു. സംഭവം നടന്ന വ്യാഴാഴ്ചയും പെണ്‍കുട്ടി തന്‍റെ മകനെ വിളിച്ചിരുന്നു. എന്നാല്‍ അവന്‍ ഫോണ്‍ എടുത്തില്ല.  തുടര്‍ന്നാണ് വീടിന് സമീപത്തെ കടയുടെ മുന്നില്‍ വച്ച് പെണ്‍കുട്ടി മകന് മുഖത്തേക്ക് ആസിഡ് ഒഴിച്ചതെന്നും യുവാവിന്‍റെ അമ്മ പറഞ്ഞു. 

കയ്യിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ആക്രമണത്തില്‍ യുവാവിന്‍റെ കണ്ണിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് പരിസോധിക്കുന്ന ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിലെ ഡോക്ചര്‍ വ്യക്തമാക്കി. യുവാവ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.