Asianet News MalayalamAsianet News Malayalam

വയറ്റിൽ കുഞ്ഞുണ്ടെന്നറിഞ്ഞിട്ടും 19കാരിയെ കുത്തി, ഒന്നല്ല 3 തവണ, കല്ലുകൊണ്ട് മുഖത്തടിച്ചു; ഗർഭിണിയോട് ക്രൂരത

യുവതിയുടെ വയറ്റിൽ ഒന്നിലധികം കുത്തേറ്റിട്ടുണ്ട്. മുഖത്ത് മൂർച്ചയേറിയ കനത്ത കല്ലുപയോഗിച്ച് ഇടിക്കുകയും ചെയ്തതായി  റിപ്പോർട്ടിൽ പറയുന്നു. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞിട്ടും അക്രമികൾ യുവതിയുടെ വയറ്റിൽ കുത്തിയെന്നാണ് പൊലീസ് പറയുന്നത്.

19 year old Pregnant Woman Found With Stab Wounds Battling For Life in delhi vkv
Author
First Published Jan 13, 2024, 12:17 PM IST

ദില്ലി: ദില്ലിയിൽ അജ്ഞാതരുടെ കുത്തേറ്റ 19 കാരിയായ ഗർഭിണിയുടെ നില ഗുരുതരാവസ്ഥയിൽ. കിഴക്കൻ ദില്ലിയിലെ മയൂ‌ർ വിഹാറിലാണ് ഗ‌ർഭിണിയായ യുവതിയെ  ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തലസ്ഥാന നഗരിയെ നടുക്കിയ സംഭവം നടന്നത്. ദില്ലിയിലെ ആയുർവേദ സെന്‍ററിലെ ജോലിക്കാരിയായ പത്തൊമ്പതുകാരിയെ ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് തിരിച്ച് വരുമ്പോഴാൾ  അജ്ഞാത‌ സംഘം ആക്രമിക്കുകയായിരുന്നു. യുവതി തന്‍റെ  മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം കിഴക്കൻ ദില്ലിയിലായിരുന്നു താമസിച്ചിരുന്നത്. ഇവർ അവിവാഹിതയാണെന്ന് പൊലീസ് പറഞ്ഞു.

ജോലികഴിഞ്ഞ് യുവതി വീട്ടിലെത്താത്തതിനെ തുട‌ർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ്  വ്യാഴാഴ്ച രാവിലെ ചില്ല വില്ലേജിലെ അഗ്നിശമനസേനാ ഓഫീസിന് സമീപം  യുവതിയെ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ  കണ്ടെത്തിയത്. റോഡിൽ നിന്ന് 100 അടി അകലെയുള്ള വനമേഖലയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഗർഭിണിയുടെ വയറ്റിലും അടിവയറ്റിലും കുത്തേറ്റതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു . സംഭവസ്ഥലത്തു നിന്നും പൊട്ടികിടന്ന നിലയിലുള്ള യുവതിയുടെ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

യുവതിയുടെ വയറ്റിൽ ഒന്നിലധികം കുത്തേറ്റിട്ടുണ്ട്. മുഖത്ത് മൂർച്ചയേറിയ കനത്ത കല്ലുപയോഗിച്ച് ഇടിക്കുകയും ചെയ്തതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞിട്ടും അക്രമികൾ യുവതിയുടെ വയറ്റിൽ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. ചികിത്സയിൽ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.  
സംഭവത്തിൽ മൂന്ന് പേരെ സംശയമുള്ളതായി ദില്ലി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ത്രീയുടെ പങ്കാളിയെ ഇയാളുടെ ബന്ധുവിന്റെയും മുഖംമൂടി ധരിച്ച ഒരാളുടെയും കൂടെ ബുധനാഴ്ച രാത്രി 9 മണിയോടെ കുറ്റകൃത്യം നടന്ന സ്ഥലത്തിന് ചുറ്റും കണ്ടതായി നാട്ടുകാ‌ർ മൊഴിനൽകിയിട്ടുണ്ട്.

പങ്കാളിയെയും ബന്ധുവിനെയും പൊലീസ് ചോ​ദ്യം ചെയ്തു. പത്തൊമ്പതുകാരിയായ യുവതിയെ ആക്രമിച്ചതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നാണ് ഇരുവരുടെയും വാദം. എന്നാൽ ബുധനാഴ്ച രാത്രിക്കും വ്യാഴാഴ്ച പുലർച്ചയ്ക്കും ഇടയിൽ 12 മണിക്കൂറിലധികം സംഭവം നടന്ന ചില്ല വില്ലേജ് ഫയർ സ്റ്റേഷന് സമീപം വഴിയരികിൽ രണ്ടുപേരും കിടന്നുറങ്ങിയതായി പൊലീസ് കണ്ടെത്തി. പ്രദേശത്തെ സിസിടിവി  ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. പങ്കാളിയുടെ ബന്ധുവിനൊപ്പമാണ് യുവതിയെ അവസാനമായി കണ്ടതെന്ന് പൊലീസ് വ്യക്തമാക്കി.

യുവതി പങ്കാളിയുടെ ബന്ധുവിന്റെ കൂടെ ഫയർ സ്റ്റേഷന് അടുത്തേക്ക് നടന്നുവരുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 'ഫയർ സ്റ്റേഷന്റെ ട്രാഫിക് സിഗ്നലിനുശേഷം ക്യാമറയില്ലാത്തതിനാൽ, അവിടെ നിന്ന് സ്ത്രീക്ക് എന്ത് സംഭവിച്ചു, പങ്കാളിയുടെ ബന്ധു യുവതിയെ കണ്ടതിന് ശേഷം എവിടേക്ക് പോയി എന്നത് വ്യക്തമല്ല. യുവതി എങ്ങനെ പരിക്കേറ്റ നിലയിൽ വനമേഖലയിൽ എത്തി എന്നതിനും വ്യക്തത വന്നിട്ടില്ല'- പൊലീസ് പറഞ്ഞു.  ഇക്കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും അന്വേണ സംഘം അറിയിച്ചു. ദില്ലിയിലെ ലോക് നായക് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഗർഭിണിയായ യുവതിയുള്ളത്. ഇവരുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്.  സ്ത്രീയുടെ ഗുരുതരമായ അവസ്ഥ കണക്കിലെടുത്ത് ഗർഭച്ഛിദ്രം നടത്തേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. 

Read More :  'കേരളത്തെ കണ്ട് മാതൃകയാക്കണം'; മറ്റ് സംസ്ഥാനങ്ങളോട് രാഹുൽ ഗാന്ധി, യൂത്ത് കോൺഗ്രസിന് അഭിനന്ദനം

Latest Videos
Follow Us:
Download App:
  • android
  • ios