Asianet News MalayalamAsianet News Malayalam

2013ല്‍ നാടിനെ ഞെട്ടിച്ച കേസില്‍ വിധി: യുവാവിന്റെ തല ബോംബ് വച്ച് തകര്‍ത്ത എഡ്വിന് ഇരട്ട ജീവപര്യന്തം

2013 ഏപ്രില്‍ 24ന് രാത്രി രണ്ട് മണിയോടെയായിരുന്നു വിഴിഞ്ഞം തീരത്തെ നടുക്കിയ അരുംകൊല നടന്നത്.

2013 vizhinjam murder case man sentenced to double life imprisonment
Author
First Published Apr 2, 2024, 10:00 PM IST

തിരുവനന്തപുരം: മത്സ്യ ഷെഡില്‍ ഉറങ്ങിക്കിടന്ന യുവാവിന്റെ തല ബോംബ് വെച്ച് തകര്‍ത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ച് കോടതി. വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തില്‍ എഡ്വിനെ (39) ആണ് തിരുവനന്തപുരം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂടാതെ പത്ത് ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കഠിന തടവും അനുഭവിക്കണം. ഇതിന് പുറമേ എക്‌സ്‌പ്ലോസിവ് ആക്ട് പ്രകാരവും ശിക്ഷ വിധിച്ചിട്ടുണ്ട്. 

2013 ഏപ്രില്‍ 24ന് രാത്രി രണ്ട് മണിയോടെയായിരുന്നു വിഴിഞ്ഞം തീരത്തെ നടുക്കിയ അരുംകൊല നടന്നത്. എഡ്വിന്റെ സഹോദരന്‍ ആല്‍ബിയെ സംഭവത്തിന് രണ്ട് ദിവസം മുന്‍പ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഒരു യുവതിയുമായി പ്രണയത്തിലായിരുന്ന ആല്‍ബിയെ, യുവതിയുടെ സഹോദരനായ ഷൈജുവും കൂട്ടാളികളും വകവരുത്തിയെന്നാണ് എഡ്‌വിന്‍ കരുതിയത്. ഇതിന്റെ പ്രതികാരമായി വിഴിഞ്ഞം ഫിഷ് ലാന്റിംഗ് സെന്ററിന് സമീപത്തെ ഷെഡില്‍ ഉറങ്ങിക്കിടന്ന ഷൈജുവിന്റെ തലയില്‍ എഡ്വിന്‍ ബോംബ് വച്ച് ക്രൂരമായി കൊല നടത്തിയെന്നാണ് കേസ്. 

കൊലപാതക ശേഷം മുങ്ങിയ എഡ്വിനെ സമീപത്തെ മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ വിഴിഞ്ഞം സി.ഐ ആയിരുന്ന സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതിക്ക് ബോംബ് നിര്‍മ്മിച്ച് നല്‍കിയ നേമം സ്വദേശി അപ്പാച്ചി ബൈജുവെന്ന വിനോദ് രാജിനെയും അറസ്റ്റു ചെയ്തിരുന്നു. ഇയാളെ പിന്നീട് കോടതി വെറുതെ വിട്ടിരുന്നു. 

നേരത്തെ ശിക്ഷക്ക് മുന്‍പ് ജാമ്യത്തിലിറങ്ങിയ എഡ്വിന്‍ വലിയ തലവേദനയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാല് മാസം മുന്‍പ് ഒന്നര കിലോ കഞ്ചാവുമായി ഇയാളെ പിടികൂടിയിരുന്നതായും കഞ്ചാവ് വില്പന, അടിപിടി ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഉള്ളതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു. ശിക്ഷാവിധിക്ക് ശേഷം എഡ്വിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.

'വില്ലനായി റോഡ് മരീചിക പ്രതിഭാസവും; ഡ്രൈവര്‍മാര്‍ക്ക് എംവിഡി മുന്നറിയിപ്പ് 
 

Follow Us:
Download App:
  • android
  • ios