ദിസ്പൂര്‍: അസമില്‍ തേയിലത്തോട്ടം തൊഴിലാളികളുടെ മര്‍ദ്ദനത്തിന് ഇരയായി ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 21 പേര്‍ അറസ്റ്റില്‍. ആക്രമണം നടന്ന് രണ്ടു ദിവസത്തിനുള്ളിലാണ് അറസ്റ്റ്. 73-കാരനായ ഡോക്ടര്‍ ദേവന്‍ ദത്തയാണ് തോട്ടം തൊഴിലാളികളുടെ മര്‍ദ്ദനത്തിന് ഇരയായി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. 

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമരം പ്രഖ്യാപിക്കുകയും ചൊവ്വാഴ്ച അത്യാഹിത വിഭാഗത്തില്‍ നിന്നും വിട്ടുനിന്ന് പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എസ്റ്റേറ്റിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളി മരിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് ഡോകടര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് കാരണം.
 
ഡോക്ടര്‍ സ്ഥലത്തില്ലാതിരുന്ന സമയത്താണ് എസ്റ്റേറ്റ് ആശുപത്രിയില്‍ സോമ്ര മാജി എന്ന തോട്ടം തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ തൊഴിലാളികള്‍ ശക്തമായി പ്രതിഷേധിച്ചു. തിരികെ ആശുപത്രിയിലെത്തിയ ഡോക്ടറെ ഇവര്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൊലീസും സിആര്‍പിഎഫ് സംഘവും സ്ഥലത്തെത്തിയാണ് അക്രമികളെ പിന്തിരിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.