മരം മുറിക്ക് പിന്നില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ സേലം സ്വദേശികളെന്നാണ് സംശയം. വിറക് ശേഖരിക്കാന്‍ പോയ നാട്ടുകാരാണ് മരം മുറിച്ചു കടത്തിയത് കണ്ടെത്തിയത്

തൃശൂര്‍ : മച്ചാട് വനമേഖലയിൽ വനം കൊള്ളക്കാര്‍ 22 ചന്ദന മരങ്ങള്‍ മുറിച്ചതായി വനം വകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. പാകമാകാത്ത മരമായതിനാല്‍ മിക്കതും മുറിച്ചശേഷം ഉപേക്ഷിക്കുകയായിരുന്നു. മരം മുറിക്ക് പിന്നില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ സേലം സ്വദേശികളെന്നാണ് സംശയം. വിറക് ശേഖരിക്കാന്‍ പോയ നാട്ടുകാരാണ് മരം മുറിച്ചു കടത്തിയത് പുറത്തെത്തിച്ചത്. മച്ചാട് റേഞ്ചിന് കീഴിലുള്ള ചേപ്പലക്കോട് കാപ്പി പ്രദേശത്തുനിന്നും വന്‍ തോതില്‍ ചന്ദന മരങ്ങള്‍ മുറിച്ചിട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വനം വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ എം എ അനസിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. 22 മരങ്ങള്‍ മുറിച്ചിട്ടതായി കണ്ടെത്തി. പൂര്‍ണവളര്‍ച്ചയെത്താത്ത മരങ്ങളായിരുന്നു കൂടുതല്‍. കാതലില്ലാത്തതിനാല്‍ അവ ഉപേക്ഷിച്ച നിലയിലായിരുന്നു. മുറിച്ച മരങ്ങള്‍ കടത്തിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ പരിശോധന തുടരുകയാണ്. പതിനഞ്ച് ദിവസത്തില്‍ കൂടുതലായിട്ടില്ല മരം മുറിച്ചിട്ടിട്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 19 ന് മൊടവറക്കുന്നില്‍ നിന്ന് മരം മുറിച്ചു കടത്തിയ സേലം, ഏര്‍ക്കാട് സ്വദേശികളെ വനം വകുപ്പ് പിടികൂടിയിരുന്നു. ഇതിലൊരാള്‍ മച്ചാട് ഭാഗത്ത് എത്തിയിരുന്നതായി വിവരമുണ്ട്. അതുകൊണ്ടു തന്നെ അവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങും. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയിലാണ് മരം മുറിയെന്ന നാട്ടുകാരുടെ ആരോപണവും അന്വേഷിക്കുന്നുണ്ട്. ഇന്ന് വൈകിട്ടോടെ സംഘം തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വറ്റര്‍ കെ.ആര്‍. അനൂപിന് റിപ്പോര്‍ട്ട് നല്‍കും.

Read More : മലപ്പുറത്ത് തെരുവ് നായ ആക്രമണം; മൂന്ന് വയസുകാരി ഉൾപ്പടെ ഒൻപത് പേർക്ക് പരിക്ക്, നായയെ കുരുക്കിട്ട് പിടികൂടി