ലക്നൌ: നിലത്തുകിടന്ന വെള്ളം തെറിപ്പിച്ചതിന് ഇരുപത്തിരണ്ടുകാരനെ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ വാജിദ്പൂരിലാണ് സംഭവം. സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. പിന്‍റു നിഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഫായിസ് മുഹമ്മദ് എന്നയാളുടെ ദേഹത്ത് വെള്ളം തെറിച്ചതിനേത്തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യുവാവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഞായറാഴ്ച വൈകീട്ട് നടക്കാനായി ബന്ധുവിനൊപ്പം പോയതായിരുന്നു പിന്‍റു. ഫായിസ് മുഹമ്മദിന്‍റെ വീടിന് പുറത്ത് കിടന്നിരുന്ന വെള്ളത്തിന്‍റെ കവറില്‍ പിന്‍റു അറിയാതെ ചവിട്ടിയിരുന്നു. കുറച്ച് വെള്ളം ഫായിസിന്‍റേയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരുടേയും ദേഹത്ത് തെറിച്ചു. ഇതോടെ ഇവിടെയുണ്ടായിരുന്നവര്‍ ദേഷ്യപ്പെടാനും പിന്‍റുവിനേയും ഒപ്പമുണ്ടായിരുന്ന സന്ദീപിനേയും ആക്ഷേപിക്കാന്‍ തുടങ്ങി. ഇതിന് പിന്നലെ വടികളും ചൂരലും അടക്കം വച്ച് പിന്‍റുവിനെ മര്‍ദ്ദിക്കാനും തുടങ്ങി.

നാട്ടുകാര്‍ വിവരം അറിയിച്ചതിനേത്തുടര്‍ന്ന് പിന്‍റുവിന്‍റെ ബന്ധുക്കള്‍ സ്ഥലത്തെത്തി ഇടപെടാന്‍ ശ്രമിച്ചുവെങ്കിലും പിന്‍റു മരിച്ചിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫായിസ് മുഹമ്മദ്, അമാന്‍, ഫര്‍മാന്‍, ലാല, മുഹമ്മദ് ആലം, ഇമ്രാന്‍, ഇഖ്ബാല്‍, തലീബ്, ബബ്ലു, മിറാജ്, മൊഹ്സിന്‍ എന്നിവരേക്കൂടാതെ കണ്ടാലറിയാവുന്ന അഞ്ചോളം പേര്‍ക്കെതരിരെയുമാണ് കേസ് എടുത്തിട്ടുള്ളത്. സംഭവ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചതായി കാണ്‍പൂര്‍ നഗര്‍ രാജ്കുമാര്‍ അഗര്‍വാള്‍ വിശദമാക്കി. ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.