പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി, വിവാഹവാഗ്ദാനം നൽകി വീട്ടിൽ എത്തിച്ച് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം: കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിയെ പോക്സോ നിയമപ്രകാരം കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിലമേൽ ചരുവിളവീട്ടിൽ മനു(26)വിനെയാണ് കിളിമാനൂർ പൊലീസിന്റെ പിടി കൂടിയത്. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി, വിവാഹവാഗ്ദാനം നൽകി വീട്ടിൽ എത്തിച്ച് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടിയെ മനു കിളിമാനിൽ നിന്നും കൂട്ടിക്കൊണ്ടു പോയതാണെന്ന് വ്യക്തമാവുകയായിരുന്നു. പെൺകുട്ടിയെ അന്വേഷിച്ച് കണ്ടെത്തിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം മനസിലായത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.

തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മനു പിടിയിലായത്. ആറ്റിങ്ങൽ ഡിവൈ എസ് പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി ജയൻ, എസ് ഐമാരായ വിജിത്ത് കെ നായർ, രാജി കൃഷ്ണ, രാജേന്ദ്രൻ, എ എസ് ഐ താഹിറുദ്ദീൻ, എസ് സി പി ഒ ഷാജി, മഹേഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സമാനമായ മറ്റൊരു സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിലായിരുന്നു . ആര്‍ത്താറ്റ് സ്വദേശിയും ഇപ്പോള്‍ അഗതിയൂര്‍ ലക്ഷംപറമ്പില്‍ താമസക്കാരനുമായ പൂവത്തൂര്‍ വീട്ടില്‍ സഞ്ജു (33) വിനെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുകയും ശരീരത്തില്‍ കയറിപ്പിടിക്കുന്നതുള്‍പ്പെടെയുള്ള ലൈംഗിക പ്രവര്‍ത്തികള്‍ നടത്തിയതോടെയാണ് പിടിയിലായത്.

7 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 47കാരന് 20 വർഷം തടവ്


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക