പനാജി: മോഷണക്കേസില്‍ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അമൃത സേതിയും രണ്ട് സുഹൃത്തുക്കളും അറസ്റ്റില്‍. ഇരുപത്തിയാറുകാരിയായ അമൃതയും സുഹൃത്തുക്കൾ അക്ഷിത് ഝം (25), കുശാൽ എന്നിവരാണ് ഗോവയിൽ നിന്നും അറസ്റ്റിലായത്. ദില്ലി സ്വദേശിയായ ഒരാളിൽ നിന്നും ഏകദേശം രണ്ടരലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തതായാണ് കേസ്. മോഷണശേഷം കടന്നു കളഞ്ഞ സംഘത്തെ ഗോവയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 

ഇവിടെ ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ താമസത്തിനും കാസിനോകളിൽ പോക്കർ കളിക്കുന്നതിനുമായാണ് പണം ചിലവഴിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ നവംബർ അഞ്ചിന് ഹോസ് ഖസ് പൊലീസ് സ്റ്റേഷനിലാണ് സംഘത്തിനെതിരെ പരാതി ലഭിക്കുന്നത്. മനോജ് സൂഡ് എന്നയാളായിരുന്നു പരാതിക്കാരൻ. 

'തന്‍റെ ബോസിന്‍റെ നിർദേശം അനുസരിച്ചാണ് അദ്ദേഹത്തിന്‍റെ ഒരു ക്ലൈന്‍റായ അമൃത സേതിയെ കാണാനെത്തിയത്. 3300 ഡോളർ എക്സ്ചേഞ്ച് ചെയ്ത് 2,45,340 രൂപ വാങ്ങിവരാന്‍ ആയിരുന്നു ആവശ്യപ്പെട്ടത്. സേതി ആവശ്യപ്പെട്ടതനുസരിച്ച് പണവുമായി അവർ നിർദേശിച്ച സ്ഥലത്തെത്തി. അമൃതയും സുഹൃത്ത് അക്ഷിതുമായി കാറില്‍ അവിടെയെത്തി. തന്നോട് കാറിലിരിക്കാൻ ആവശ്യപ്പെട്ടു. ഇതിനു ശേഷം ഇവർ മനോജിനോട് ഡോളർ ആവശ്യപ്പെട്ടു. 

എന്നാൽ രൂപ നൽകിയതിന് ശേഷം മാത്രമെ പണം നൽകു എന്ന് ഇയാൾ നിര്‍ബന്ധം പിടിക്കുകയായിരുന്നു' എന്നാണ് പൊലീസ് പറയുന്നത്.
ഇതിനെ തുടർന്ന് പ്രതികൾ പണം പിന്‍വലിക്കാനെന്ന വ്യാജേന ഒരു എടിഎമ്മിന് അടുത്തെത്തി. ഈ സമയത്ത് മനോജും ഇവർക്കൊപ്പം കാറിൽ നിന്നിറങ്ങിയിരുന്നു. ഇതിനിടെ പ്രതികൾ ഇയാളോട് ഡോളർ കാണിച്ചു തരാൻ ആവശ്യപ്പെട്ടു. 

മനോജ് തുകയടങ്ങിയ ബാഗ് ഇവർക്കായി പുറത്തെടുത്തപ്പോൾ പ്രതികൾ ഇത് തട്ടിയെടുത്ത് കാറിൽ കയറി കടന്നു കളയുകയായിരുന്നു. തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. സിസിറ്റിവി ദൃശ്യങ്ങളുടെയും മറ്റ് സാങ്കേതിക തെളിവുകളുടെയും സഹായത്തോടെയാണ് പ്രതികൾ ഗോവയിലുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് ഗോവ പൊലീസിന്‍റെ സഹായത്തോടെ ഇവരെ കുടുക്കുകയായിരുന്നു.