ലഖ്നൗ: മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കുട്ടിയുടെ മൃതദേഹം പ്രദേശത്തെ കരിമ്പിൻ തോട്ടത്തിൽ നിന്ന് കണ്ടെത്തി. 20 ദിവസത്തിനിടെ ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമാനമായ മൂന്നാമത്തെ കേസ് ആണിത്.

ബുധനാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. കരിമ്പിന്‍ പാടത്ത് കണ്ടെത്തിയ മൃതദേഹത്തില്‍ പരുക്കുകള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് എസ്പി സത്യേന്ദ്ര കുമാര്‍ സിങ് പറഞ്ഞു. കുറ്റക്കാരെ എത്രയും വേഗം പിടികൂടുമെന്ന് എസ്പി കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തില്‍  ഗ്രാമത്തിലുള്ള ഒരാൾക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക ആയിരുന്നുവെന്ന് ഇയാൾ ആരോപിക്കുന്നു.

നേരത്തെ, സ്‌കോളര്‍ഷിപ്പ് അപേക്ഷ പൂരിപ്പിക്കാന്‍ വീട്ടില്‍ നിന്ന് പോയ 17-കാരിയെ ഗ്രാമത്തിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഗ്രാമത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള ഒരു കുളത്തിനടുത്താണ് 17-കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്തരത്തിൽ ലഖിംപുര്‍ ഖേരി ജില്ലയില്‍ തന്നെ 13 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.