മുംബൈ: ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ. വയറ്റില്‍ പതിനൊന്ന് തവണ കുത്തിയും കഴുത്തറുത്തുമാണ് 36കാരനായ സുനില്‍ കദമിനെ 33 കാരിയായ പ്രണാലി കൊലപ്പെടുത്തിയത്. ആദ്യം ഭര്‍ത്താവ് സ്വയം മരിക്കുകയായിരുന്നുവെന്ന് പറഞ്ഞ പ്രണാലി പിന്നീട് പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ കുറ്റംസമ്മതിക്കുകയായിരുന്നു. മുംബൈയിലെ നല്ലസ്പോറയിലാണ് സംഭവം. 

ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പമാണ് പ്രണാലി താമസിച്ചിരുന്നത്. രാവിലെ അഞ്ച് മണിയോടെ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് സുനില്‍ ഉറങ്ങാനും പ്രണാലി അടുക്കളയിലേക്കും പോയി. പിന്നീട് കത്തിയുമായാണ് പ്രണാലി കിടപ്പറയിലെത്തിയത്. 

തുടര്‍ന്ന് സുനിലിന്‍റെ വയറ്റില്‍ 11 തവണ കുത്തിയ പ്രണാലി, അയാളുടെ കഴുത്തറുക്കുകയും ചെയ്തു. കൃത്യം നടത്തിയതിനുശേഷം സുനിലിന്‍റെ മാതാപിതാക്കളുടെ അടുത്തെത്തിയ പ്രണാലി, സുനില്‍ ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞു. 

സുനിലിന്‍റെ പിതാവിന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഒരാള്‍ക്ക് സ്വയം പതിനൊന്ന് തവണ വയറില്‍ കുത്താനും പിന്നീട് കഴുത്തറുക്കാനുമാകില്ല, അതിനാല്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. 

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രണാലി പൊലീസിന് മൊഴി നല്‍കി. 2011 ലാണ് പ്രണാലി സുനിലിനെ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും.