Asianet News MalayalamAsianet News Malayalam

15 വര്‍ഷത്തിനിടെ 25 ലൈംഗിക കുറ്റകൃത്യങ്ങൾ, 40 കാരന്റെ കേസ് ഹിസ്റ്ററിയിൽ ഞെട്ടി പൊലീസ്

2007 ലാണ് ആദ്യ കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 2012 മുതൽ വര്‍ഷം കുറഞ്ഞത് രണ്ട് ലൈംഗികാതിക്രമക്കേസുകളാണ് ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

40 year old involved 25 sexual abuse cases in Himachal
Author
First Published Sep 14, 2022, 10:23 AM IST

ഷിംല: തുടര്‍ച്ചയായി ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുകയാണ് ഹിമാചൽ പ്രദേശ് പൊലീസ്. ഇതിനായി പ്രത്യേകം രജിസ്റ്റര്‍ തന്നെ സൂക്ഷിക്കുന്നുണ്ട്. വിവരങ്ങൾ ക്രോഡീകരിച്ചതുവഴി ലഭിച്ച കണക്കുകളിൽ ഞെട്ടിയിരിക്കുകയാണ് പൊലീസ്. 25 സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 40 കാരനെ കുറിച്ചുള്ള വിവരമാണ് പൊലീസിനെ ഞെട്ടിച്ചത്. ഇയാൾക്കെതിരെ സംസ്ഥാനത്തെ എട്ട് ജില്ലകളിലായി 25 സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ‌

കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഒന്നാമതും ഇയാളാണ്. കാൻഗ്ര ജില്ലയിലെ സിദ്ധ്പൂർ ഗ്രാമത്തിൽ നിന്നുള്ള അജയ് കുമാറാണ് പൊലീസിനെ പോലും ഞെട്ടിച്ച് കുറ്റകൃത്യങ്ങളുടെ റെക്കോർഡുള്ള 40 കാരൻ. കാൻഗ്ര ജില്ലയിൽ കേസുകൾ രജിസ്റ്റർ ചെയ്തതിന് പുറമെ ചമ്പ, മാണ്ഡി, ഷിംല സിർമൗർ, ബിലാസ്പൂർ, ഹാമിർപൂർ, സോളൻ ജില്ലയിലും ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

2007-ൽ കാൻഗ്ര പൊലീസ് സ്‌റ്റേഷനിലാണ് അജയ് കുമാറിനെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് 2012-ൽ മറ്റൊരു കേസും 2013-ൽ നാല് കേസുകളും 2014-ൽ രണ്ട് കേസുകളും 2015-ൽ ഒമ്പത് കേസുകളും 2017-ൽ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തു. 2018 ൽ മൂന്ന് കേസുകളും  2021-ൽ രണ്ട് കേസുകളും ഈ വർഷം ഒരു കേസും ഇയാൾക്കെതിരെ രജിസ്റ്റർ‌ ചെയ്തിട്ടുണ്ട്. നിലവിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ കംഗ്ര ജില്ലാ ജയിലിൽ ജുഡീഷ്യൽ റിമാൻഡിലാണ് അജയ് കുമാർ. 

അജയ് കുമാറിന് പുറമെ മറ്റ് ചിലരും കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതായി പൊലീസിന്റെ വിവരശേഖരണത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചമ്പ ജില്ലയിലെ ചുരാ തഹസിൽ ഭുന്ദേരി ഗ്രാമത്തിൽ നിന്നുള്ള ദീപ് എന്നയാൾ അഞ്ച് ലൈംഗിക പീഡനക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഡാറ്റയിൽ നിന്ന് കണ്ടെത്തിയതായി ഡിജിപി സഞ്ജയ് കുണ്ടു പറഞ്ഞു. 2015 മുതൽ 2022 വരെയുള്ള കാലയളവിൽ ടിസ്സ പൊലീസ് സ്റ്റേഷനിലാണ്  കേസുകളെല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ ഈ വർഷം ജൂലൈയിൽ രജിസ്റ്റർ ചെയ്ത കേസിൽ ചമ്പ ജില്ലാ ജയിലിൽ ജുഡീഷ്യൽ റിമാൻഡിലാണ് ഇയാൾ. 

2020 ഓ​ഗസ്റ്റ് ഒന്ന് മുതൽ രജിസ്റ്റർ ചെയ്ത സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകളിലെ കുറ്റവാളികളുടെ വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. രജിസ്റ്റർ നമ്പർ 26 എന്ന പേരിട്ടിരിക്കുന്ന രേഖയിൽ 24 കുറ്റവാളികൾ വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ ആവർ‌ത്തിക്കുന്നതായി പൊലീസ് കണ്ടെത്തി. 

നമ്പർ 26 രജിസ്റ്റർ ഉപയോ​ഗിച്ച് ആവർത്തിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുറ്റവാളികളെ കണ്ടെത്താനാകുമെന്ന് ഡിജിപി പറഞ്ഞു. ആവർത്തിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുറ്റവാളികൾക്ക് നൽകുന്ന ജാമ്യം റദ്ദാക്കുന്നതിന് ബന്ധപ്പെട്ട കോടതികളെ സമീപിക്കാനും ജാമ്യം റദ്ദാക്കുന്നത് ഉറപ്പാക്കാനും അത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനും എല്ലാ ജില്ലകളിലെ എസ്പിമാർക്കും ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. ഭാവിയിൽ മറ്റ് കുറ്റവാളികളിൽ നിന്നും ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ ആവർത്തിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഇതേ നടപടി തുടരുമെന്നും ഡിജിപി പറഞ്ഞു. 

Read More : മൂന്നര വയസ്സുകാരിയെ വാഹനത്തിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്ത് സ്കൂൾ ബസ് ഡ്രൈവര്‍, ക്രൂരത ആയ നോക്കി നിൽക്കെ

Follow Us:
Download App:
  • android
  • ios