ബുര്‍ഹാന്‍പൂര്‍(മധ്യപ്രദേശ്): ഗൃഹനാഥനെ തടഞ്ഞ് വച്ച്  വീട്ടമ്മയേയും പന്ത്രണ്ട് വയസുകാരിയായ മകളേയും ആറ് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ ഷാപൂറിലാണ് ഞെട്ടിക്കുന്ന സംഭവം. ആയുധധാരികളായ ആറംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഗൃഹനാഥനെ ബന്ധിയാക്കി 40കാരിയായ വീട്ടമ്മയേയും പന്ത്രണ്ടുകാരിയായ മകളേയും തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവരെ വീടിന് സമീപത്തുള്ള ക്രഷറിലേക്ക് കൊണ്ട് പോയ ശേഷം രണ്ട് ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇവര്‍ പീഡനത്തിനിരയായതായി  ഖാര്‍ഗോണ്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ തിലക് സിംഗ് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഞെട്ടിക്കുന്ന സംഭവം നടന്ന ബോദ്രാലി എന്ന ഗ്രാമം ഈ സ്ഥലം മധ്യപ്രദേശ് മഹാരാഷ്ട്ര അതിര്‍ത്തിയിലാണ്. വീട് കൊള്ളയടിച്ച സംഘം പണവും സ്വര്‍ണവും അപഹരിച്ചതായും പരാതിയുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശിലെ സമീപ സ്ഥലങ്ങളിലേക്ക് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കൂട്ട ബലാത്സംഗം, തടഞ്ഞുവെക്കല്‍, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ വകുപ്പുകളും പോക്സോ നിയമവും അനുസരിച്ചാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.