കഞ്ഞിക്കുഴി: ഇടുക്കി കഞ്ഞിക്കുഴിയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 64 കാരൻ അറസ്റ്റിൽ. കൈതപ്പാറ സ്വദേശി ജോർജാണ് അറസ്റ്റിലായത്. പ്ലസ് വണ്‍ വിദ്യാർത്ഥിയായ പെണ്‍കുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ കാണിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

ചൈൽഡ് ലൈനെത്തി കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് വര്‍ഷങ്ങള്‍ നീണ്ട പീഡനത്തേക്കുറിച്ച് പെണ്‍കുട്ടി വിശദമാക്കുന്നത്. അയൽവാസിയായ അറുപത്തിനാലുകാരാൻ ജോർജാണ് പീഡിപ്പിച്ചതെന്നായിരുന്നു കുട്ടിയുടെ മൊഴി. കുട്ടി മൂന്നാം ക്ലാസിലായപ്പോൾ തുടങ്ങിയതാണ് പീഡനം. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന ഭീഷണിയും. ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ഞിക്കുഴി പൊലീസ് അന്വേഷണം നടത്തി ജോർജിനെ അറസ്റ്റ് ചെയ്തു.

ഭാര്യ മരിച്ച  ജോർജ് വീട്ടിൽ ഒറ്റയ്ക്കാണ് താമസം. അച്ഛനും അമ്മയും ജോലിക്ക് പോകുന്ന സമയത്ത് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്.  കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.