Asianet News MalayalamAsianet News Malayalam

ബാലികയെ പീഡിപ്പിച്ചു, മൂന്ന് രൂപ നൽകി, ഭീഷണിപ്പെടുത്തി; 68കാരന് പത്തുവർഷം തടവ് ശിക്ഷ

2016 ജനുവരി 23ന് വൈകിട്ട് അഞ്ചിനാണ്  കേസിന് ആസ്പദമായ സംഭവം. വീട്ടിലേക്കുള്ള പാൽ എടുക്കാനായി അയൽവാസിയായ കോയ മൊയ്തീന്റെ വീട്ടിലേക്ക് ബാലിക എത്തിയപ്പോഴാണ് പീഡനം. 

68 year old man was sentenced to ten years in prison for molesting the girl
Author
First Published Oct 29, 2022, 3:32 AM IST

മലപ്പുറം: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ മഞ്ചേരി പോക്സോ അതിവേഗ കോടതി പത്തുവർഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഐക്കരപ്പടി ചെറുകാവ് വള്ളിയിൽ കോയ മൊയ്തീനെ (68) ആണ് ജഡ്ജി പി ടി പ്രകാശൻ ശിക്ഷിച്ചത്. 

2016 ജനുവരി 23ന് വൈകിട്ട് അഞ്ചിനാണ്  കേസിന് ആസ്പദമായ സംഭവം. വീട്ടിലേക്കുള്ള പാൽ എടുക്കാനായി അയൽവാസിയായ കോയ മൊയ്തീന്റെ വീട്ടിലേക്ക് ബാലിക എത്തിയപ്പോഴാണ് പീഡനം. പ്രതിയുടെ സ്വകാര്യഭാഗങ്ങൾ  കാണിച്ച ശേഷം  കുട്ടിയെ കിടപ്പുമുറിയിലേക്ക് കൊണ്ടു പോയി ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു.  തുടർന്ന് കുട്ടിക്ക് ഒറ്റ രൂപയുടെ മൂന്ന് നാണയങ്ങൾ നൽകുകയും പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പ്രോസിക്യൂഷൻ കേസ്.  

കരഞ്ഞു കൊണ്ട് നാണയങ്ങളുമായി വീട്ടിലെത്തിയ കുട്ടിയെ മാതാവ് ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്താകുന്നത്.  പോക്സോ വകുപ്പിലെ 5(എം) പ്രകാരം പത്തുവർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും പിഴയടക്കാത്ത പക്ഷം രണ്ടു വർഷത്തെ അധിക തടവും വിധിച്ചു. കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഇന്ത്യൻ ശിക്ഷാനിയമം 506(1) വകുപ്പ് പ്രകാരം രണ്ടു വർഷം കഠിന തടവ്, കുട്ടിയെ  സ്വകാര്യ ഭാഗങ്ങൾ കാണിച്ചതിന്  മൂന്നു വർഷം കഠിന തടവും,  25000 രൂപ പിഴയും, പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.  ശിക്ഷ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതി.  പ്രതി പിഴയൊടുക്കുന്ന പക്ഷം ഇതിൽ നിന്നും രണ്ടു ലക്ഷം രൂപ പീഡനത്തിനിരയായ ബാലികക്ക് നൽകാനും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സോമസുന്ദരൻ 14 സാക്ഷികളെ  കോടതി മുമ്പാകെ വിസ്തരിച്ചു. 14 രേഖകളും രണ്ട് തൊണ്ടി മുതലുകളും ഹാജരാക്കി. പീഡനത്തിനിരയായ പെൺകുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി.

Follow Us:
Download App:
  • android
  • ios