കൊടും ക്രൂരത; യുപിയിൽ നാലാം ക്ലാസുകാരനെ തല്ലിച്ചതച്ച് അധ്യാപകൻ, കൈമുട്ട് ഒടിഞ്ഞ് കുട്ടി ബോധംകെട്ട് വീണു
അടിയേറ്റ് കൈമുട്ട് ഒടിഞ്ഞ് വിദ്യാർത്ഥി നിലത്ത് വീണതോടെയാണ് അധ്യാപകൻ മർദ്ദനം നിർത്തിയത്. ബോധരഹിതനായ കുട്ടിയെ പിന്നീട് സ്കൂള്‍ അധികൃതർ ആശുപത്രിയിലാക്കി.

കാൺപൂർ: ഉത്തർപ്രദേശിൽ നാലാം ക്ലാസുകാരനോട് അധ്യാപകന്‍റെ കൊടും ക്രൂരത. ഒൻപതുവയസുകാരനായ വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി തല്ലിച്ചതച്ചു. മർദ്ദനത്തിൽ കൈമുട്ട് ഒടിഞ്ഞ കുട്ടി ബോധരഹിതനായി നിലത്ത് വീണു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ബലിയ ജില്ലയിലെ രസ്ര ഏരിയയിലെ നാഗഹാർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലാണ് കൊടും ക്രൂരത അരങ്ങേറിയത്. സംഭവത്തിൽ പിതാവിന്റെ പരാതിയിൽ അധ്യാപകനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും പൊലീസ് കേസെടുത്തു.
ബുധനാഴ്ച ക്ലാസെടുക്കുന്നതിനിടെ പ്രകോപിതനായ അധ്യാപകൻ ഒൻപതുവയസുകാരനായ തന്‍റെ മകനെ നിഷ്കരുണം മർദ്ദിക്കുകയായിരുന്നുവെന്നാണ് പിതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. അടിയേറ്റ് കൈമുട്ട് ഒടിഞ്ഞ് വിദ്യാർത്ഥി നിലത്ത് വീണതോടെയാണ് അധ്യാപകൻ മർദ്ദനം നിർത്തിയത്. ബോധരഹിതനായ കുട്ടിയെ പിന്നീട് സ്കൂള്‍ അധികൃതർ ആശുപത്രിയിലാക്കി. ആദ്യം രസ്രയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ് സ്കൂളിലെത്തിയ തന്നോട് മാനേജ്‌മെന്‍റ് മോശമായി പെരുമാറിയെന്നും അധികൃതർ പ്രതിയായ അധ്യാപകനെ രക്ഷപ്പെടാൻ സഹായിക്കുകയാണ് ചെയ്തതെന്നും പിതാവ് ആരോപിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് രസ്ര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുഹമ്മദ് ഫഹീം ഖുറേഷി പറഞ്ഞു. വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തുമെന്നും അധ്യാപകനെ ചോദ്യം ചെയ്യുമെന്നും മുഹമ്മദ് ഫഹീം ഖുറേഷി വ്യക്തമാക്കി.