സംഭവത്തിൽ ടാക്സി ഡ്രൈവറായ ശ്രീധർ, ചായവിൽപ്പനക്കാരനായ രാജണ്ണ എന്നിവർ ഹൊസ്ക്കോട്ടെ പൊലീസിൽ പരാതി നൽകി.

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ഓള്‍ഡ് മദ്രാസ് റോഡിലെ കെ ഇ ബി സർക്കിളിനു സമീപം ആയുധധാരികളായ നാലംഗ സംഘം ചായക്കടക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ടാക്സി ഡ്രൈവറിൽ നിന്ന് കാർ തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്തതായി പരാതി. ഇരു ചക്രവാഹനങ്ങളിലെത്തിയ സംഘം വഴിയാത്രക്കാരെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി ദൃക്സാക്ഷികൾ പറയുന്നു.

സംഭവത്തിൽ ടാക്സി ഡ്രൈവറായ ശ്രീധർ, ചായവിൽപ്പനക്കാരനായ രാജണ്ണ എന്നിവർ ഹൊസ്ക്കോട്ടെ പൊലീസിൽ പരാതി നൽകി. റോഡരികിൽ ചായ കുടിച്ച് നിൽക്കുകയായിരുന്നു തന്‍റെ സമീപമെത്തിയ അക്രമി സംഘം ആദ്യം ചായക്കടക്കാരനെ ഭീഷണിപ്പെടുത്തുകയും പണം നൽകാതെ വന്നപ്പോൾ ആക്രമിച്ച് പണം കൈവശപ്പെടുത്തുകയുമായിരുന്നു. ഉടനെ തന്‍റെ നേരെ തിരിഞ്ഞ സംഘം മൊബൈൽ ഫോണും പണവും ആവശ്യപ്പെട്ടു.

കൈയ്യിലുള്ളതെല്ലാം നൽകിയ ശേഷം കാറിന്‍റെ താക്കോൽ നൽകണമെന്ന് ഭീഷണിപ്പെടുത്തി. താക്കോൽ കാറിൽ തന്നെയാണെന്നു മനസ്സിലാക്കിയ സംഘത്തിലൊരാൾ കാറിന്‍റെ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞെങ്കിവും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സംഘം കാറുമായി കടന്നുകളയുകയായിരുന്നു.

കാറിൽ അതുവഴി വന്ന മറ്റൊരാളുടെ സഹായത്തോടെ അക്രമി സംഘത്തെ പിന്തുടർന്നെങ്കിലും അവർ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കാറിനു പുറമേ കൈയ്യിലുണ്ടായിരുന്ന 3000 രൂപയും മൊബൈൽ ഫോണും ലൈസൻസ് അടക്കമുള്ള രേഖകളും നഷ്ടപ്പെട്ടതായും ശ്രീധർ പോലീസിനെ അറിയിച്ചു. 

കാർ കണ്ണിങ് ഹാം റോഡിന്റെ സമീപത്തു നിന്നാണ് വന്നതെന്ന് സിസിടിവി പരിശോധനയിൽ വ്യക്തമായതായി പൊലീസ് പറയുന്നു. മോഷണത്തിനും അക്രമത്തിനും പ്രതികൾക്കെതിരെ കേസെടുത്തു. അക്രമത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ചായക്കടക്കാരൻ രാജണ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആഴ്ച്ചകൾക്കുമുമ്പും നഗരത്തിൽ സമാനസംഭവം നടന്നിരുന്നു. കാറിൽ കയറിയ സംഘം ഒല കാബ് ഡ്രൈവറെ ഭീഷണിപ്പെടുത്തി കാറുമായി കടന്നുകളയുകയായിരുന്നു.