കൊച്ചി: കൊച്ചിയില്‍ റിസ്റ്റിയെന്ന പത്തുവയസുകാരനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം. റിസ്റ്റിയുടെ അയൽവാസി കൂടിയായ അജി ദേവസ്യയെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

2016 ഏപ്രിൽ 26 ന് ആയിരുന്നു പത്തുവയസുകാരനായ റിസ്റ്റി ജോണിനെ അയൽവാസിയായ അജി കുത്തികൊലപ്പെടുത്തിയത്. രാവിലെ കടയിലേക്ക് പോകും വഴി റിസ്റ്റിയെ വീടിന് അടുത്ത് വെച്ച് കുത്തി വീഴ്ത്തുകയായിരുന്നു. സംഭവം കണ്ട് റിസ്റ്റിയുടെ മാതാപിതാക്കൾ അടക്കം ഓടി എത്തിയെങ്കിലും രക്ഷിക്കാനായില്ല. അജിയെ സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിസ്റ്റിയുടെ ആദ്യ കുർബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾക്കിടയായിരുന്നു കൊലപാതകം. 

എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് സംഭവം നടന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം അജിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 25000 രൂപ പിഴയും വിധിച്ച കോടതി ഈ തുക റിസ്റ്റിയുടെ അമ്മ ലിനിക്ക് കൈമാറണമെന്നും ഉത്തരവിട്ടു. ലഹരിക്ക് അടിമയായ പ്രതിയും റിസ്റ്റിയുടെ അച്ഛനും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. റിസ്റ്റിയുടെ ശരീരത്തില്‍ ആഴത്തിലുള്ള ഇരുപത്തിയെട്ട് കുത്തുകളുണ്ടായിരുന്നു. വിധിയിൽ തൃപ്തിയുണ്ടെന്ന് റിസ്റ്റിയുടെ അച്ഛന് ജോൺ പറഞ്ഞു.