വേങ്ങര: പലരെയും പറഞ്ഞ് പറ്റിച്ച് സ്വര്‍ണവുമായി മുങ്ങിയ യുവാവിനെ ഒടുവില്‍ തിരിച്ചറിയുന്നത് പീഡനക്കേസില്‍ അറസ്റ്റിലായതോടെ. കഴിഞ്ഞയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ അറസ്റ്റിലായ പുതുപ്പള്ളി സ്വദേശിയും ഇപ്പോൾ താനൂർ കുണ്ടുങ്ങൽ താമസക്കാരനുമായ പാലക്കവളപ്പിൽ ശിഹാബുദ്ദീനെതിരെ വേറെയും കേസുകള്‍. ആത്മീയ ചികിത്സകന്‍റെ സഹായി ചമഞ്ഞ് യുവതിയിൽ നിന്നും 40 പവൻ സ്വർണം തട്ടിയ കേസിലും ഇയാള്‍ അറസ്റ്റിലായി. പത്രങ്ങളിൽ ഫോട്ടോ കണ്ടാണ് തട്ടിപ്പിനിരയായ യുവതി വേങ്ങര പോലീസിൽ പരാതി നൽകിയത്. 

ആത്മീയ ചികിത്സകനായ ഒരാളുടെ ഡ്രൈവറാണെന്ന് പരിചയപ്പെടുത്തിയാണ് യുവതിയുമായി പരിചയപ്പെട്ടത്. ആത്മീയ ചിക്തിസകനാണെന്ന വ്യാജേന ഇയാൾ തന്നെ മറ്റൊരു സിംകാർഡ് ഉപയോഗിച്ച് യുവതിയുമായി ശബ്ദം മാറ്റി സംസാരിച്ചാണ് ബന്ധം സ്ഥാപിച്ചത്. വീട്ടിലെ എല്ലാ ബുദ്ധിമുട്ടുകൾക്കും പ്രതിവിധിയായി നിർദേശിച്ചെന്ന ചികിത്സക്കെന്ന പേരിൽ പലപ്പോഴായി യുവതിയുടെ 40 പവൻ സ്വർണാഭരണം കൈവശപ്പെടുത്തി മുങ്ങുകയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 40ഓളം സ്ത്രീകൾ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. തിരൂർ, കൊണ്ടോട്ടി സ്റ്റേഷനുകളിലും കേസുകളുണ്ട്. തിരൂരിൽ 2013ൽ ഇയാൾക്കെതിരെ 18 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. താനൂർ എസ് ഐയുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലും പ്രതിയാണ്.
ഉപയോഗിച്ച 12 സിം കാർഡുകളും ഇയാളിൽ നിന്നും പോലീസ് പിടികൂടിയിട്ടുണ്ട്. പ്രതിയെ മലപ്പുറം കോടതി റിമാൻഡ് ചെയ്തു.