ഹൈദരാബാദ്: തെലങ്കാനയിൽ കൂട്ടബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപത്താറ് വയസ്സുള്ള വെറ്ററിനറി  ഡോക്ടർ നേരിട്ടത് അതിക്രൂര പീഡനങ്ങൾ. സംഭവത്തിൽ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാത്സം​ഗത്തിന് മുമ്പ് പ്രതികൾ ഇവരെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബലാത്സം​ഗത്തിന് ശേഷം ബോധരഹിതയായ യുവതിയെ ഇവർ ട്രക്കിന്റെ കാബിനിൽ ഒളിപ്പിക്കുകയായിരുന്നു. 

സഹായത്തിനായി കേണപേക്ഷിച്ച യുവതിയോട് പ്രതികൾ തരിമ്പും കരുണ കാണിച്ചില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച രാവിലെ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഹൈദരാബാദ്-ബം​ഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. നൂറ് കണക്കിന് പ്രതിഷേധങ്ങളാണ് സംഭവത്തിനെതിരെ രാജ്യമെമ്പാടും ഉയർന്നുകൊണ്ടിരിക്കുന്നത്. യുവതിക്ക് നീതി ലഭിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. 

സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഡോക്ടറെ കാണാനില്ലെന്ന പരാതിയിൽ എഫ്ഐആർ തയ്യാറാക്കി അന്വേഷണം നടത്തുന്നതിൽ പൊലീസ് അനാസ്ഥ കാണിച്ചെന്ന് തെളിഞ്ഞതിനെ തുടർന്നാണ് സസ്പെൻഷൻ. പെട്രോൾ‌ പമ്പ് ജീവനക്കാരനും വർക്ക്ഷോപ്പ് മെക്കാനിക്കും നൽകിയ മൊഴികളാണ് പ്രതികളെ കണ്ടുപിടിക്കാൻ സഹായിച്ച നിർണ്ണായക തെളിവുകളെന്ന് പൊലീസ് വ്യക്തമാക്കി. ചുവന്ന നിറമുള്ള സ്കൂട്ടിയിൽ പെട്രോൾ വാങ്ങാൻ രണ്ട് പേർ എത്തിയതായി പമ്പ് ജീവനക്കാരൻ മൊഴി നൽകിയിരുന്നു. 

രാത്രി 9.30 നും 10.20 നും ഇടയിലാണ് പ്രതികൾ യുവതിയെ ബലാത്സം​ഗത്തിന് ഇരയാക്കിയതെന്ന് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അക്രമം നടക്കുന്ന സമയത്ത് യുവതിയുടെ വായും മൂക്കും പൊത്തിപ്പിടിച്ചിരുന്നെന്നും ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നും റിപ്പോർട്ടിലുണ്ട്. നാല് ലോറിത്തൊഴിലാളികളെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജൂഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിചാരണയ്ക്കായി അതിവേഗ കോടതി സജ്ജമാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഉറപ്പ് നല്‍കി.