ലോക്ക്ഡൌണ്‍ കാലത്താണ് പെണ്‍കുട്ടികളുമായി വിനയ് പരിചയത്തിലാവുന്നത്. ഇവരിലൊരാളുമായി വിനയ്ക്ക് തോന്നിയ അടുപ്പം നിരാകരിച്ചതിലുള്ള പ്രതികാരമാണ് കുപ്പി വെള്ളത്തില്‍ വിഷം കലര്‍ത്താന്‍ പ്രേരിപ്പിച്ചത്. 

ലഖ്നൌ: ഉത്തർപ്രദേശിലെ ഉന്നാവിൽ ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി അറസ്റ്റിലായയാള്‍. പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്ക് വിഷം കലര്‍ത്തിയ വെള്ളം കൊടുത്തുവെന്നാണ് അറസ്റ്റിലായ വിനയ് എന്ന ലംബു പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. കാണ്‍പൂര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയോട് വിനയ് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. കുട്ടി ഇത് നിരസിച്ചു. ഇതില്‍ പ്രകോപിതനായി ഇവരുടെ കുടിവെള്ളത്തില്‍ കീടനാശിനി കലര്‍ത്തിയെന്നാണ് മൊഴി.

ഈ വെള്ളം കുടിച്ച് പെണ്‍കുട്ടിയുടെ സഹോദരിമാര്‍ മരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പെണ്‍കുട്ടിയെ അപായപ്പെടുത്തണമെന്ന് മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും ഇയാള്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിനയ്, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവര്‍ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി 24 മണിക്കൂറിനുള്ളിലാണ് ഇവര്‍ പിടിയിലായത്. പെണ്‍കുട്ടികളില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. മൂന്നാമത്തെയാള്‍ കാണ്‍പൂരിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടികളുടെ വീടിന് സമീപ ഗ്രാമത്തിലായിരുന്നു വിനയ് താമസിച്ചിരുന്നത്.

Scroll to load tweet…

ലോക്ക്ഡൌണ്‍ കാലത്താണ് പെണ്‍കുട്ടികളുമായി വിനയ് പരിചയത്തിലാവുന്നത്. ഇവരിലൊരാളുമായി വിനയ്ക്ക് തോന്നിയ അടുപ്പം നിരാകരിച്ചതിലുള്ള പ്രതികാരമാണ് കുപ്പി വെള്ളത്തില്‍ വിഷം കലര്‍ത്താന്‍ പ്രേരിപ്പിച്ചത്. വിനയുടെ തോട്ടത്തിന് സമീപമുള്ള വയലുകളില്‍ കുട്ടികള്‍ കളിക്കാനെത്താറുണ്ടായിരുന്നു. വിഷം കലര്‍ത്തിയ കുപ്പി വെള്ളം ഇപ്പോള്‍ കാണ്‍പൂരില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയ്ക്ക് വിനയ് കൊടുത്തു. ഈ വെള്ളം മറ്റ് രണ്ട് പേരും കുടിക്കുകയും മരണപ്പെടുകയും ആയിരുന്നു. കുട്ടികളുടെ വായില്‍ നിന്ന് നുരയും പതയും വരാന്‍ തുടങ്ങിയതോടെ വിനയ് സംഭവസ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.

കേസിൽ അന്വേഷണം നടത്താൻ പൊലീസിനെ ആറംഗസംഘങ്ങളായി തിരിച്ചിരുന്നു. പ്രഥമദൃഷ്ടാ പെണ്‍കുട്ടികളുടെ ശരീരത്തില്‍ വിഷാംശ കണ്ടെത്തിയെന്ന് നേരത്തേ ഉന്നാവ് പോലീസ് വ്യക്തമാക്കിയിരുന്നു. കന്നുകാലികള്‍ക്ക് പുല്ല് പറിക്കാന്‍ പോയ പതിനാറും പതിമൂന്നും പതിനേഴും വയസ്സുള്ള ദളിത് പെണ്‍കുട്ടികളെയാണ് പാടത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പോലീസ് നായയെ ഉപയോഗിച്ചും പെണ്‍കുട്ടികളെ കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.