ലക്നൗ: ആറു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ വെടിവച്ച് വീഴ്ത്തി ഐപിഎസ് ഓഫീസര്‍. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയ സംഭവം നടന്നത്. എസ് പി അജയ്പാല്‍ ശര്‍മ്മയാണ് രക്ഷപ്പെട്ടോടിയ പ്രതിയെ വെടിവെച്ചിട്ടത്. ആറ് വയസുകാരിയെ പീഡിപ്പിച്ചത് പെണ്‍കുട്ടിയുടെ സമീപവാസിയായ നാസില്‍ എന്ന ആളാണെന്ന് വ്യക്തമായതോടെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. പൊലീസിനെ കണ്ട ഇയാള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും പിന്നീട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.  ഇതോടെ  പ്രതിയുടെ മുട്ടിന് താഴെ പൊലീസ് ഓഫീസര്‍ മൂന്ന് തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒടുവില്‍ പിടികൂടിയ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസമാണ് ആറ് വയസുകാരിയെ കാണാതായത്. കുട്ടിയെ കണ്ടെത്താന്‍ അന്വേഷണം നടത്തിയ പൊലീസ് ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയായ നാസിലാണ് പ്രതിയെന്ന് വ്യക്തമായത്.