കൊട്ടിയം: കൊല്ലം കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ഉന്നതതല ശ്രമം നടക്കുന്നുവെന്ന് ആക്ഷൻ കൗൺസില്‍. റംസി മരിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും കേസന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

പുതിയ സംഘം അന്വേഷണം തുടങ്ങിയെങ്കിലും ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നു എന്നാണ് ആരോപണം. ഇതിനിടെ മുൻകൂര്‍ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് നീക്കം തുടങ്ങിയിട്ടുണ്ട്. വഞ്ചനാകുറ്റം ഉല്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഉടന്‍ സീരിയല്‍ താരത്തെ അറസ്റ്റ് ചെയ്യണമെന്നാണ് ജസ്റ്റിസ് ഫോര്‍ റംസി എന്ന ആക്ഷന്‍ കൗൺസിലിന്‍റെ ആവശ്യം.

പെൺകുട്ടിയെ ഗർഭച്ഛിദ്രം ഉള്‍പ്പടെ നടത്തുന്നതില്‍ ലക്ഷ്മി പ്രമോദ് ഗൂഡാലോചന നടത്തിയെന്ന് റംസിയുടെ വീട്ടുകാരും നേരത്തെ പരാതി പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലക്ഷ്മി പ്രമോദിനേയും വരന്‍ ഹാരീസ് മുഹമ്മദിന്‍റെ അമ്മയെയും കൊട്ടിയം പൊലീസ് ചോദ്യം ചെയ്യത് വിട്ടയച്ചിരുന്നു.

അതേസമയം, ഹാരിസ് മുഹമ്മദിന്‍റെയും ലക്ഷ്മി പ്രമോദിന്‍റയും വീടുകളില്‍ പരിശോധന നടത്താന്‍ അന്വേഷണ സംഘം നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സൈബര്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ഫോൺ രേഖകള്‍ പരിശോധിക്കുന്നുമുണ്ട്. ഗർഭച്ഛിദ്രത്തിനായി ഹാരീസ് മുഹമ്മദ് ആശുപത്രിയില്‍ സമര്‍പ്പിച്ച വ്യാജ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കിയവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഫോൺ രേഖകളില്‍ നടത്തിയ പരിശോധനയില്‍ സിരിയല്‍ നടി ലക്ഷമി പ്രമോദിന് എതിരെ ചില നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഹാരിസ് മുഹമ്മദിനെ ക്രൈം ബ്രാഞ്ച് സംഘം ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.

ഗർഭച്ഛിദ്രം നടത്തിയ ആശുപത്രിയില്‍ ഉള്‍പ്പടെ എത്തിച്ച് തെളിവ് എടുക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. അതേസമയം, ലക്ഷ്മി പ്രമോദിനെയും വരൻ ഹാരിസിന്‍റെ അമ്മയെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സൈബര്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ വിണ്ടും ചോദ്യം ചെയ്യുക.