ചെന്നൈ: പ്രണയ ബന്ധം തുടരുന്നതിനായി ശല്യപ്പെടുത്തിയതിന് മുന്‍ കാമുകനെ ടെലിവിഷന്‍ നടി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കോലത്തൂരില്‍ തിങ്കളാഴ്ചാണ് സംഭവം. എസ്.ദേവി എന്ന 42കാരിയാണ്സിനിമ ടെക്‌നീഷ്യനായ എം. രവി എന്ന 38കാരനെ വധിച്ചത്. മരക്കഷ്ണവും ചുറ്റികയും കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. 

ദേവിയുടെ സഹോദരിയുടെ കോലത്തൂരിലെ വീട്ടിലായിരുന്നു കൊലപാതകം. സംഭവത്തിനു ശേഷം ദേവി പോലീസിനു മുമ്പാകെ കീഴടങ്ങി. ഇവരുടെ ഭര്‍ത്താവ് ബി.ശങ്കര്‍, സഹോദരി എസ്.ലക്ഷ്മി, ഭര്‍ത്താവ് സവരിയര്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു. മധുര സ്വദേശിയാണ് കൊല്ലപ്പെട്ട രവി. ജോലിയുമായി ബന്ധപ്പെട്ട് ചെനൈ്ഏനയിലാണ് താമസിച്ചുവന്നിരുന്നത്. ടെലിവിഷന്‍ ചാനല്‍ സീരിയലുകളില്‍ ചെറിയ റോളുകള്‍ ചെയ്തിരുന്ന ദേവിയുമായി രവി പ്രണയത്തിലായി. 

ഇരുവരുടെയും ബന്ധം വര്‍ഷങ്ങളോളം തുടര്‍ന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് ശങ്കറും കുടുംബവും ദേവിയുടെ പ്രണയം അറിഞ്ഞത്. ഇതോടെ കുടുംബം ദേവിയെ ടെയ്‌ലറിംഗ് രംഗത്തേക്ക് തിരിച്ചുവിട്ടു. ഇടവേളകളില്‍ ദേവി സീരിയലുകളിലും അഭിനയിച്ചിരുന്നു. ശങ്കര്‍ തെയ്‌നാംപെട്ടില്‍ ഫര്‍ണിച്ചര്‍ കട നടത്തുകയാണ്. 

ഞായറാഴ്ച രാത്രി ദേവിയെ തേടി കൊലത്തൂരിലെ അവരുടെ വീട്ടിലെത്തിയ രവി, അവര്‍ അവിടെയില്ലെന്ന് അറിഞ്ഞ്  പുലര്‍ച്ചെ 1.30 ഓടെ സമീപത്തുള്ള സഹോദരിയുടെ വീട്ടില്‍ എത്തി. ബന്ധം പുനഃസ്ഥാപിക്കാന്‍ സഹായിക്കാമെന്ന് സഹോദരി ലക്ഷ്മി രവിക്ക് ഉറപ്പുനല്‍കി. ഇയാളെ വീട്ടില്‍ ഒളിപ്പിച്ച ശേഷം ദേവിയെയും ശങ്കറിനെയും ഫോണില്‍ വിളിച്ചുവരുത്തി. 

ദേവിയെ കണ്ടയുടന്‍ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് വഴക്കിട്ടു. ഇതിനിടെ ദേവി അയാളെ അടിച്ചുവീഴ്ത്തി. തലതകര്‍ന്ന് രക്തം വാര്‍ന്ന് രവി കൊല്ലപ്പെട്ടു എന്നുറപ്പായതോടെ ദേവി നേരെ രാജമംഗലം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.